നിർണായക ചർച്ചകൾ തുടരുന്നതിനിടെ മന്ത്രിസ്ഥാനത്തിൽ പ്രതികരിച്ച് മാണി സി കാപ്പൻ
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ, മന്ത്രിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെ 21 അംഗ കാബിനറ്റാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കേണ്ടത്. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രിയടക്കം 11 പേർ മന്ത്രിസഭയിലെത്തുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്. എന്നാൽ ഇനി തീരുമാനമാകേണ്ടത് ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങൾ ആണ്. ഇതുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച് ചർച്ചകൾ നടക്കുകയാണ്, എന്നാൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഒരു എംഎൽഎ മാത്രമുള്ള പാർട്ടികൾക്ക് ടേം വ്യവസ്ഥ നൽകുന്ന കാര്യവും ചർച്ച ചെയ്യുന്നുണ്ട്. ഇതിനിടെ താൻ മന്ത്രിസഭയിൽ ഫുൾ ടൈം അംഗമായിരിക്കുമെന്ന് പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് പാലാ എംഎൽഎ മാണി സി കാപ്പൻ.
ടേം വ്യവസ്ഥ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തവണ പാലാ മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച മാണി സി കാപ്പൻ സ്വന്തം പാർട്ടിയായ കേരളം ഡെമോക്രാറ്റിക് പാർട്ടിയുടെ ഏക എംഎൽഎയാണ്.
മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തർക്കങ്ങളില്ലാതെ പരിഹരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളെല്ലാം പറയുന്നത്. കോൺഗ്രസിലെ 10 മന്ത്രിമാരെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കൂടിയായ സണ്ണി ജോസഫ് വ്യക്തമാക്കി. അതേസമയം ആഭ്യന്തര വകുപ്പ് മുറുകെ പിടിച്ചാണ് രമേശ് ചെന്നിത്തലയുള്ളത്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനം ഉറപ്പാണ്. അഞ്ചാമതൊരു മന്ത്രിസ്ഥാനം നൽകുമോ അല്ല ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകുമോയെന്ന് വ്യക്തമല്ല. എട്ട് സീറ്റുള്ള കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് സീറ്റുള്ള ആർഎസ്‌പിയും ഒരു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു.
യുഡിഎഫിൽ ഒരു സീറ്റ് വീതമുള്ള മൂന്ന് പാർട്ടികളാണുള്ളത്. തിരുവനന്തപുരം സെൻട്രലിൽ ജയിച്ച സിഎംപി എംഎൽഎ സി.പി.ജോൺ, പിറവം എംഎൽഎയും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവുമായ അനൂപ് ജേക്കബും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നാണ് വിവരം. മാണി സി കാപ്പനെയും ഇവരോടൊപ്പം പരിഗണിക്കുമോ എന്നാണ് അറിയേണ്ടത്. ഓരോ അംഗം വീതമുള്ള പാർട്ടികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനാണ് കോൺഗ്രസിന്റെ തീരുമാനമെന്നാണ് സൂചന.
