കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഇന്ന് തന്നെ; തലസ്ഥാനത്ത് ചൂടേറിയ ചർച്ചകൾ തുടരുന്നു, ടേം വ്യവസ്ഥയും പരിഗണനയിൽ

യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ചൂടേറിയ ചർച്ചകൾ തുടരുകയാണ്. ഇന്ന് തന്നെ കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക പുറത്തുവന്നേക്കുമെന്നാണ് വിവരം. ഹൈക്കമൻഡ് അംഗീകാരത്തോടെ മന്ത്രിപ്പട്ടിക ഇന്ന് ഗവർണർക്ക് കൈമാറും. ചർച്ചകളുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പിസി വിഷ്ണുനാഥും കണ്ടോൺമെന്റ് ഹൗസിലെത്തി. മന്ത്രിമാരുടെ പട്ടിക ഇന്ന് തന്നെ ഉണ്ടായേക്കുമെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. നിയുക്ത മുഖ്യമന്ത്രിയും, കെപിസിസി അധ്യക്ഷനും ദീപാ ദാസ് മുൻഷിയും കെസി വേണുഗോപാലുമായി ചർച്ച നടത്തി കോൺഗ്രസ്‌ മന്ത്രിമാരുടെ ലിസ്റ്റ് ഹൈക്കമാൻഡിന് കൈമാറും. ഒരു എംഎൽഎ മാത്രമുള്ള പാർട്ടികൾക്ക് ടേം വ്യവസ്ഥ നൽകുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് വിവരം.

കന്റോൺമെന്റ് ഹൗസിൽ ആണ് ഉഭയകക്ഷി ചർച്ചകൾ നടക്കുന്നത്. ലീഗുമായുള്ള ചർച്ചകളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. 11 മന്ത്രിമാരും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമാണ് കോൺഗ്രസിന് ലഭിക്കുക. ആരൊക്കെ ബർത്ത് ഉറപ്പിക്കും എന്നറിയാനാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതേസമയം, രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. യു ഡിഎഫ് മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനമെന്നതാണ് മുസ്ലിം ലീ​ഗിന്റെ ആവശ്യം എന്നാൽ ഈ ആവശ്യം കോൺഗ്രസ് അംഗീകരിച്ചേക്കില്ലെന്നാണ് വിവരം. നാല് മന്ത്രിസ്ഥാനം നൽകാമെന്നും അഞ്ചാം മന്ത്രിക്ക് പകരമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകാമെന്ന നിർദേശം കോൺഗ്രസ് മുസ്ലിം ലീഗിന് മുന്നിൽ വെയ്ക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ അഞ്ച് മന്ത്രിസ്ഥാനം എന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചേക്കില്ലെന്നാണ് വിലയിരുത്തൽ. ഘടക കക്ഷികളിൽ നിന്നും വിട്ടുവീഴ്ച പ്രതീക്ഷിച്ചാണ് കോൺഗ്രസ് നീക്കം. മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന് പകരം, മറ്റൊരു വകുപ്പ് നൽകുന്നതാണ് പരിഗണനയിലുള്ളത്. ചീഫ് വിപ്പ് പദവി വേണ്ടെന്നു വയ്ക്കുന്ന കാര്യം യുഡിഎഫ് പരിഗണിക്കുന്നുണ്ട്. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ ചർച്ചകൾ നീട്ടിക്കൊണ്ട് പോകാതെ എത്രയും പെട്ടെന്ന് തന്നെ തീരുമാനമുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Back to top button