മൊബൈൽ കാണാനില്ലെന്ന പരാതിയുമായെത്തി, പൊലീസ് സ്റ്റേഷന് മുറ്റത്ത് കിടന്ന ജീപ്പുമായി കടന്നയാൾ പിടിയിൽ

കണ്ണൂരിൽ അര്‍ധരാത്രിയില്‍ പോലീസ് ജീപ്പുമായി കടന്നയാളെ നാട്ടുകാര്‍ പിടികൂടി. സൈബര്‍ പൊലീസ് ഓഫിസിന്‍റെ മുറ്റത്തുനിന്നാണ് ഗുരുവായൂര്‍ സ്വദേശി ഹംസത്ത് മദ്യലഹരിയില്‍ ജീപ്പ് കടത്തിയത്. കണ്ണൂര്‍ റേഞ്ച് ഐജിയുടെ ഓഫിസിന് സമീപത്തുനിന്നാണ് സര്‍ക്കാര്‍ വാഹനം പ്രതി ഓടിച്ചുപോയത്. രാത്രി പന്ത്രണ്ടരയോടെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തിയ അംസത്തിന്‍റെ പരാതി തന്‍റെ ഫോണ്‍ മോഷണം പോയി എന്നായിരുന്നു. പൊലീസുകാര്‍ വിവരം കുറിച്ചെടുത്തു. മദ്യലഹരിയിലായിരുന്ന ഹംസത്തിന് പക്ഷേ തൃപ്തി വന്നില്ല. തൊട്ടടുത്തുള്ള സൈബര്‍ പൊലീസിന്‍റെ ഓഫിസിലേക്ക് ചെന്നു. അവിടെ ആരെയും കണ്ടില്ല. മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പില്‍ കയറിയിരുന്നു.
വണ്ടിയുടെ താക്കോല്‍ അവിടെ തന്നെ കണ്ടതോടെ ഒന്നും നോക്കിയില്ല. സ്റ്റാര്‍ട്ട് ചെയ്ത് ഒറ്റപ്പോക്ക്. നഗരം ചുറ്റി എസ്എന്‍ പാര്‍ക്കിന് സമീപത്തെ തട്ടുകടയില്‍ എത്തി. വണ്ടിയില്‍നിന്നറങ്ങി. മദ്യലഹരിയില്‍ ആടിയാടി വരുന്നത് കണ്ട് ചിലര്‍ക്ക് സംശയമായി. നേരെ സ്റ്റേഷനില്‍ വിളിച്ചു. ടൗണ്‍ പൊലീസ് പറന്നുവന്ന് ഹംസത്തിനെ തൂക്കിയെടുത്തു. ഗുരുവായൂര്‍ സ്വദേശിയായ ഹംസത്ത് കണ്ണൂരില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. മദ്യപിച്ച് അടിയുണ്ടാക്കിയ വകയില്‍ രണ്ട് കേസുണ്ട്. വാഹനമോഷണം ലക്ഷ്യമല്ലായിരുന്നുവെന്നും മദ്യലഹരിയില്‍ എടുത്തുകൊണ്ടുപോയതാണെന്നും പൊലീസ് പറഞ്ഞു. കണ്ണൂര്‍ റേഞ്ച് ഐജിയുടെ ഓഫിസിനോട് ചേര്‍ന്നാണ് സൈബര്‍ പൊലീസിന്‍റെയും ഓഫിസ്. ഇത്ര സുരക്ഷയും ശ്രദ്ധയും മതിയോ എന്നാണ് പൊലീസിനോടുള്ള ചോദ്യം.



