ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, അർണാബിന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി….

ബംഗാൾ ഉൾക്കടലിൽ തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ ഒന്നിന് ആന്ധ്രാപ്രദേശിലെ തീരദേശ മേഖലകളിലും പുതുച്ചേരിയിലെ യാനാമിലും ചുഴലിക്കാറ്റിനുള്ള സാധ്യതയുണ്ട്. ഈ കാലാവസ്ഥാ വ്യതിയാനം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി നവംബർ രണ്ട് വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമുള്ള പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിൽ എത്തും.
ന്യൂനമർദത്തെിന്റെ സ്വാധീനത്താൽ നവംബർ രണ്ടിനും മൂന്നിനും ആന്ധ്രാപ്രദേശിലെ തീരദേശ മേഖലകളിലും പുതുച്ചേരിയിലെ യാനാമിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കൂടാതെ, ആന്ധ്രാപ്രദേശിലെ റായലസീമയിൽ നവംബർ രണ്ടിനും മൂന്നിനും, ഒഡീഷയിൽ നവംബർ മൂന്നിനും നാലിനും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



