‘വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന മന്ത്രിയായി റോജി എം. ജോൺ മാറുന്നു….മന്ത്രിക്ക് മറുപടിയുമായി സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്

എറണാകുളം: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്എഫ്ഐ പ്രതിഷേധത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്. വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന മന്ത്രിയായി റോജി എം. ജോൺ മാറുന്നുവെന്നും, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നാടകത്തെപ്പോലും ഭയപ്പെടുന്ന ആളായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേടായ ലൈറ്റുകൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ സർഗാത്മകമായ പ്രതീകാത്മക നാടകാവതരണത്തെ ആർ.എസ്.എസ് കാരനായ പി.ആർ.ഒ വളച്ചൊടിക്കുകയായിരുന്നു. ആ നാടകത്തിന്റെ വസ്തുത സമൂഹത്തിന് നേരത്തെ ബോധ്യപ്പെട്ടതാണ്. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതിനെ മന്ത്രി ന്യായീകരിക്കുകയാണ്. സസ്പെൻഷനിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും പരീക്ഷാ ഫീസ് അടക്കാൻ ക്യാമ്പസിൽ എത്തിയ വിദ്യാർത്ഥികളെ അകത്തുകയറ്റാൻ തയ്യാറായില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇത് അപരിഷ്കൃതമായ സമരമായി തോന്നുന്നത് കഷ്ടമാണ്.



