ക്ലാസ് നടക്കുന്നതിനിടെ കയറിവന്നു; അറക്കവാൾ കൊണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് യുവാവ്

ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലുള്ള റാപ്താഡുവിൽ രണ്ട് പത്താം ക്ളാസ് വിദ്യാർത്ഥിനികളെ യുവാവ് അറക്കവാൾ ഉപയോഗിച്ച് ആക്രമിച്ചു. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം നടന്നത്. ക്ലാസ് മുറിയിൽ ആക്രമണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. ഇയാൾ പെൺകുട്ടിയുടെ ബന്ധുവാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
ക്ലാസ് നടക്കുന്നതിനിടെ 21കാരനായ യുവാവ് അറക്കവാളുമായി ക്ലാസ് മുറിയിലേക്ക് കടന്നുകയറി പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു വിദ്യാർത്ഥിനിയുടെ മുഖത്തും തലയിലും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. മറ്റൊരു വിദ്യാർത്ഥിക്കും പരിക്കേറ്റിട്ടുണ്ട്. രാപ്താട് മേഖലയിലെ ജില്ലാ പരിഷത്ത് ഹൈസ്കൂളിലാണ് ആക്രമണം നടന്നത്.
സ്കൂൾ പരിസരത്ത് അതിക്രമിച്ചുകയറിയ അക്രമി അദ്ധ്യാപകൻ ക്ലാസ് എടുക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ വിദ്യാർത്ഥിനികളെ ഉടൻ അനന്തപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഞെട്ടലും രോഷവും രേഖപ്പെടുത്തി. പെൺകുട്ടിയുടെ ആരോഗ്യനിലയും ചികിത്സയും താൻ നേരിട്ട് നിരീക്ഷിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
കുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ സംഘത്തിന് നിർദേശം നൽകിയതായും പെൺകുട്ടിയുടെ അമ്മയുമായി ഫോണിൽ സംസാരിച്ച് കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
ആക്രമണത്തിന് സാക്ഷ്യം വഹിച്ച നിരവധി വിദ്യാർത്ഥികൾ ബോധരഹിതരാവുകയോ മാനസികമായി തകരുകയോ ചെയ്തതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.