.കൈക്കൂലി വാങ്ങിയെന്ന ആരോപണം….ഫ്ലിപ്കാർട്ടിലെ 150 കോടിയുടെ അഴിമതിയിൽ അന്വേഷണത്തിനൊരുങ്ങി വാൾമാർട്ട്

ഫ്ളിപ്കാർട്ട് ജീവനക്കാർ 150 കോടി രൂപയിലധികം കോഴ വാങ്ങിയെന്ന പരാതിയിന്മേൽ അന്വേഷണം ആരംഭിച്ച് മാതൃകമ്പനിയായ വാൾമാർട്ട്. സ്മാർട്ട്ഫോൺ, യാത്രാ ബാഗുകൾ എന്നീ വിഭാഗങ്ങളിലെ ജീവനക്കാർക്ക് എതിരെയൊണ് ആരോപണം ഉയർന്നിരിക്കുന്നത്. ചില മൊബൈൽ ബ്രാൻഡ് വെണ്ടർമാരിൽ നിന്നും ജീവനക്കാർ അനധികൃതമായി പണം കൈപ്പറ്റുകയും, പകരം ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോമിൽ ഈ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വിസിബിലിറ്റിയും കൂടുതൽ വിൽപ്പനയ്ക്കുള്ള സൗകര്യങ്ങളും നൽകുന്നു എന്നുമാണ് പ്രാഥമികമായ കണ്ടെത്തൽ. മണികൺട്രോളാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
പ്രധാനമായും ഫ്ലിപ്കാർട്ടിന്റെ ബിസിനസ് ടു ബിസിനസ് (B2B) വിഭാഗത്തിലാണ് ഈ ക്രമക്കേട് നടന്നിട്ടുള്ളത്. വിഷയത്തിൽ വാൾമാർട്ട് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, തങ്ങൾക്ക് കർശനമായ ഭരണനിർവഹണ സംവിധാനങ്ങളുണ്ടെന്നും ഏത് പരാതിയും ഗൗരവമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഫ്ലിപ്കാർട്ട് അറിയിച്ചു.



