എല്‍ഡിഎഫിന്റേത് വെറും ‘ഗിമ്മിക്ക്’…. ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളിലെ പ്രധാന വാഗ്ദാനമായിരുന്ന ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കല്‍ പദ്ധതി നടപ്പാക്കില്ലെന്ന സൂചന നല്‍കി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. അവസാന ബജറ്റില്‍ എന്ത് വേണമെങ്കിലും പറഞ്ഞുപോകാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ ഒരു സര്‍ക്കാരും ചെയ്യാത്ത ഗിമ്മിക്കാണ് കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍ കാണിച്ചതെന്നും, ധനകാര്യ ധവളപത്രത്തോടെ അത് ജനങ്ങള്‍ക്ക് വ്യക്തമായെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 1000 രൂപ നല്‍കുന്ന പദ്ധതി ഈ അധ്യയന വര്‍ഷം തന്നെ നടപ്പിലാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ വകുപ്പുതലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വരാനിരിക്കുന്ന ബജറ്റില്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ​സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും മന്ത്രി നിലപാട് വ്യക്തമാക്കി. കേരളത്തിലെ സര്‍വകലാശാലകളില്‍ ഒരു തരത്തിലുള്ള കാവിവല്‍ക്കരണവും അനുവദിക്കില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു.ചാന്‍സിലര്‍ സര്‍വകലാശാലാ ഭരണ കാര്യങ്ങളില്‍ ഇടപെടുന്ന രീതി തുടങ്ങിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതിന് മുമ്പ് അങ്ങനെയൊരു കേട്ടുകേള്‍വി പോലും കേരളത്തിലുണ്ടായിരുന്നില്ലെന്നും, എല്‍ഡിഎഫ് സര്‍ക്കാരാണ് അതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയതെന്നും മന്ത്രി റോജി എം ജോണ്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button