ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം; ആർട്ടിക്കിൾ 371 ഭേദഗതി ചെയ്യാൻ നീക്കം

ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ഭരണഘടനയിലെ ആർട്ടിക്കിൾ 371 ഭേദഗതി ചെയ്ത് ലഡാക്കിന് പ്രത്യേക പദവി നൽകാനും, നിയമനിർമാണ-സാമ്പത്തിക അധികാരങ്ങളുള്ള തിരഞ്ഞെടുക്കപ്പെട്ട സമിതി രൂപീകരിക്കാനുമാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം പരീക്ഷിക്കുന്നതെന്നും റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ നാല് വർഷമായി ലഡാക്കിനായി പ്രത്യേക പദവി ആവശ്യപ്പെട്ടുവരികയാണ്. മണ്ഡലങ്ങളിൽനിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുള്ള പ്രത്യേക സമിതിക്ക് നിയമനിർമാണ, സാമ്പത്തിക അധികാരങ്ങൾ നൽകുന്നതിനുള്ള തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുകയാണെന്ന് ലഡാക്ക് ചീഫ് സെക്രട്ടറി ആഷിഷ് കുന്ദ്ര പറഞ്ഞു.
ലഡാക്ക് സബ്കമ്മിറ്റിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തമ്മിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ലഡാക്കിന് ആവശ്യമായ ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി ആർട്ടിക്കിൾ 371 ഭേദഗതി ചെയ്യുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഒക്ടോബറിൽ നടക്കുന്ന അടുത്ത യോഗത്തിന് മുമ്പായി ഭേദഗതിയുടെ കരട് ആഭ്യന്തര മന്ത്രാലയം തയ്യാറാക്കുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനങ്ങളുടെ തനതായ പ്രാദേശിക, സാമൂഹിക ആവശ്യങ്ങൾ പരിഗണിച്ച് പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിനുള്ള ഭരണഘടനാ വ്യവസ്ഥയാണ് ആർട്ടിക്കിൾ 371. എന്നാൽ പുതിയ സംവിധാനം നിലവിൽ വന്നാലും ലഡാക്കിന് നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമെന്ന പദവി ലഭിക്കില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ജമ്മു കശ്മീരിനെ വിഭജിച്ച് 2019ൽ ലഡാക്കിനെ പ്രത്യേക നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമാക്കിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ഈ നടപടി. കേന്ദ്രത്തിന്റെ തീരുമാനത്തെ തുടക്കത്തിൽ സ്വാഗതം ചെയ്ത ലഡാക്കിൽ പിന്നീട് ഉദ്യോഗസ്ഥ ഭരണത്തിനെതിരെയും കൂടുതൽ രാഷ്ട്രീയ-ഭരണഘടനാപരമായ അധികാരങ്ങൾ ആവശ്യപ്പെട്ടും പ്രതിഷേധങ്ങൾ ശക്തമാകുകയായിരുന്നു.



