അബ്ദുറഹീമിന്റെ മോചന ഉത്തരവിൽ ഇന്ന് ഒപ്പിട്ടേക്കും; പ്രതീക്ഷയിൽ കുടുംബവും നിയമ സഹായ സമിതിയും

രണ്ട് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കും കാത്തിരിപ്പുകൾക്കും ശേഷം കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി ഇന്ന് നിർണായക ദിനം. റിയാദിലെ ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ ജയിൽ മോചന ഉത്തരവിൽ ഇന്ന് ഒപ്പുവെക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നിയമ സഹായ സമിതിയും. ഇന്നലെ വൈകീട്ടോടെയാണ് അബ്ദുറഹീമിന്റെ 20 വർഷം നീണ്ട ജയിൽവാസം പൂർത്തിയായത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് ജയിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതോടെ മോചന നടപടികൾ പുരോഗമിക്കുമെന്നാണ് വിവരം.

വലിയ പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങൾ ഇല്ലാതായാൽ ഇന്ന് തന്നെ അബ്ദുറഹീമിനെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. ജയിൽ മോചിതനായാൽ എംബസിയുടെ സഹായത്തോടെ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

സൗദി ബാലനായ അനസ് അൽ ഫായിസ് മരിച്ച കേസിലാണ് 2006 നവംബറിൽ അബ്ദുറഹീം ജയിലിലായത്. തുടർന്ന് നീണ്ടുനിന്ന വിചാരണയ്ക്കൊടുവിൽ 2012ൽ റിയാദ് കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. എന്നാൽ പിന്നീട് 34 കോടിയിലേറെ ഇന്ത്യൻ രൂപ ദിയാധനമായി നൽകപ്പെട്ടതോടെ വധശിക്ഷ റദ്ദാക്കുകയായിരുന്നു.

Related Articles

Back to top button