ചെണ്ടമേള സംഘത്തിന് നേരേ ആക്രമണം; ആറുപേർക്ക് വെട്ടേറ്റു

കോവളത്ത് ചെണ്ടമേള സംഘത്തിന് നേരേ ആക്രമണം. ആറുപേർക്ക് വെട്ടേറ്റു. കോവളം കെ.എസ് റോഡ് ചെറുകോണത്ത് ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പിതാവും മക്കളും ഉൾപ്പെട്ട ചെണ്ടമേള സംഘത്തിലെ ആറംഗങ്ങൾക്കാണ് പരുക്കേറ്റത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കാപ്പാ കേസ് പ്രതിയുൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ചാവടിനട സ്വദേശി അപ്പൂസ് (24), ചെറുകോണം സ്വദേശി പൊടിയൻ (55), മക്കളായ അനീഷ് (31), രാജേഷ് (29), അഭിലാഷ്, അശ്വിൻ എന്നിവർക്കാണ് പരുക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം സ്വദേശിയും കോവളം പൊലീസ് സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ ജിത്തു ലാൽ (33)നെ പൊലീസ് അറസ്റ്റ് ചെയ്തു. ടവർ വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. അനിക്കുട്ടൻ, കാടഅപ്പു എന്നിവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
ചെണ്ടമേളത്തിനായി പോകാൻ സ്ത്രീകളുൾപ്പെട്ട സംഘം വാഹനത്തിൽ കയറുന്നതിനിടെയാണ് പ്രതികൾ ബൈക്കിലെത്തി വാക്കേറ്റം ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് ആക്രമണം നടക്കുകയായിരുന്നു. അപ്പൂസിനെ ക്രൂരമായി മർദിച്ച ശേഷമാണ് വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
പരുക്കേറ്റവരെ ആദ്യം വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.



