കെപിസിസി പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കുക ലക്ഷ്യം; നിര്‍ണായക നീക്കവുമായി കൊടിക്കുന്നില്‍

സണ്ണി ജോസഫ് മന്ത്രിയായതോടെ പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിന് കൂടുതല്‍ സാധ്യത. പ്രസിഡന്റ് സ്ഥാനത്തേക്ക് മുഖ്യമന്ത്രി വിഡി സതീശന്റെയും പിന്തുണ കൊടിക്കുന്നില്‍ ഇതിനകം ഉറപ്പിച്ചതായാണ് വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയാണെങ്കില്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ കെപിസിസി പ്രസിഡന്റാകും കൊടിക്കുന്നില്‍.
എല്ലാവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കുക ലക്ഷ്യമിട്ട് വിവിധ മത നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടരുകയാണ് കൊടിക്കുന്നില്‍. എല്ലാവരുടെയും സ്വീകാര്യത തനിക്കുണ്ടെന്ന് ഹൈക്കമാന്‍ഡിനെ അറിയിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. സി.എസ്.ഐ മലബാര്‍ ഭദ്രാസന ആസ്ഥാനത്ത് ബിഷപ്പ് ഡോ. റോയ്സ് മനോജ് കുമാര്‍ വിക്ടറുമായും ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബുറഹ്മാനുമായും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും മുസ്ലിം ആത്മീയ നേതാവുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായും കൊടിക്കുന്നില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദസന്ദര്‍ശനമാണെന്നാണ് കൊടിക്കുന്നിലിന്റെ വാദമെങ്കിലും അത് അങ്ങനെയല്ലെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ പറയുന്നത്.



