സംസ്ഥാനത്ത് മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. ഇതിന് പുറമെ തെക്കൻ ജാർഖണ്ഡിനും സമീപ വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങൾക്കും മുകളിലായി തീവ്രന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്. ഇത് ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ്, കിഴക്കൻ മധ്യപ്രദേശ് മേഖലകളിലൂടെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

ഈ കാലാവസ്ഥാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ജൂലൈ 10 വരെ കേരളത്തിലും മാഹിയിലും വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ, ചിലയിടങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ്

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിൽ നാളെ രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെയും കർണാടക തീരത്ത് ജൂലൈ 10 വരെയും മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Related Articles

Back to top button