അഞ്ച് ജില്ലകളിൽ ഇന്ന് ശക്തമായ മഴ; ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റോടെയും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപത്തെ വടക്കൻ ഒഡീഷ–പശ്ചിമ ബംഗാൾ തീരത്തും രൂപം കൊണ്ട ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുള്ളതാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 27 ഉച്ചയോടെ ഈ അതിതീവ്ര ന്യൂനമർദം പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ കരതൊടുമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ പടിഞ്ഞാറൻ രാജസ്ഥാനും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് മറ്റൊരു ന്യൂനമർദവും നിലനിൽക്കുന്നുണ്ട്.

ജൂലൈ 30 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഘട്ടംഘട്ടമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 28-ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, ജൂലൈ 29-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, ജൂലൈ 30-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ടാകും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Related Articles

Back to top button