മുഖ്യമന്ത്രിയുടെ സുരക്ഷ കർശനമാക്കി പോലീസ്

പൊതുപരിപാടികളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാൻ പോലീസ് സുരക്ഷ ശക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ പരിപാടികളിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ തിക്കുംതിരക്കും ഉണ്ടാക്കുന്നത് സുരക്ഷാഭീഷണിക്ക് ഇടയാക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി പൊതുപരിപാടികളിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കാനും മഫ്തിയിലുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടെ നിയോഗിക്കാനും ഇന്റലിജൻസ് എ.ഡി.ജി.പി. ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടാകാതിരിക്കണമെന്നാണ് നിർദേശം.
അടുത്തിടെ ഇടുക്കിയിൽ നടന്ന പരിപാടിക്ക് ശേഷം മുഖ്യമന്ത്രി പുറത്തിറങ്ങുന്നതിനിടെ വലിയ തിരക്കുണ്ടായിരുന്നു. ഇതിനിടെ തിക്കുംതിരക്കും ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ മുഖ്യമന്ത്രി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു



