കെഎസ്ആർടിസിയിൽ വൻ പരിഷ്കാരങ്ങൾ: രാത്രികാലങ്ങളിൽ സ്ത്രീകൾക്കായി…

സംസ്ഥാന ഗതാഗത വകുപ്പിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയിലും പൊതുഗതാഗത സംവിധാനത്തിലും വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനായി പ്രധാന നഗരങ്ങളിൽ രാത്രികാല പിങ്ക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. പൂർണമായും ഡിജിറ്റൽ, എഐ (AI) സാങ്കേതികവിദ്യകൾ മുൻനിർത്തിയാകും കെഎസ്ആർടിസിയുടെ വരുംദിനങ്ങളിലെ നവീകരണം.
യാത്രക്കാർക്കായി റെയിൽവേ മാതൃകയിലുള്ള പരിഷ്കാരങ്ങളും ഗതാഗത വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന പ്രഖ്യാപനങ്ങൾ താഴെ പറയുന്നവയാണ്:
റെയിൽവേ മാതൃകയിൽ ബുക്കിങ്ങും അധിക സർവീസുകളും
തത്കാൽ, വെയ്റ്റ് ലിസ്റ്റ് സംവിധാനം: ബസുകളിൽ ഇനി മുതൽ റെയിൽവേ മാതൃകയിൽ തത്കാൽ ബുക്കിങ്ങും വെയ്റ്റ് ലിസ്റ്റ് സൗകര്യവും ഏർപ്പെടുത്തും.
സ്പെഷ്യൽ സർവീസുകൾ: ഒരു റൂട്ടിലെ വെയ്റ്റ് ലിസ്റ്റ് 50 കടക്കുകയാണെങ്കിൽ, ബസുകളുടെ ലഭ്യതയ്ക്കനുസരിച്ച് അതേ റൂട്ടിൽ അധിക സർവീസ് ഓടിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
യാത്രാസുരക്ഷയും ഉപഭോക്തൃ സേവനവും
24 മണിക്കൂർ കോൾ സെന്റർ: യാത്രക്കാരുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ഫീഡ്‌ബാക്ക് സംവിധാനവും നിലവിൽ വരും.
ഡിപ്പോകളുടെ നവീകരണം: തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗിച്ച് സംസ്ഥാനത്തെ ബസ് ഡിപ്പോകൾ ആധുനികവൽക്കരിക്കും.
പുതിയ ബസുകൾ: സ്പോൺസർഷിപ്പ് വഴിയും എംഎൽഎ ഫണ്ട് ഉപയോഗിച്ചും പുതിയ ബസുകൾ വാങ്ങുന്നതിനായി പ്രത്യേക മാർഗനിർദേശങ്ങൾ തയാറാക്കും.
ജീവനക്കാർക്ക് പുരസ്കാരം: ആരോഗ്യകരമായ തൊഴിൽ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ മാസവും മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും അവാർഡുകൾ നൽകും.
ഹരിത ഗതാഗതവും സുരക്ഷിത ഡ്രൈവിങ്ങും
ഇ-വാഹനങ്ങൾക്ക് സബ്‌സിഡി: വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കും. ഇലക്ട്രിക് റിക്ഷകളിലേക്കും ടാക്സികളിലേക്കും മാറാൻ ആഗ്രഹിക്കുന്നവർക്ക് സബ്‌സിഡിയും വായ്പയും ലഭ്യമാക്കും.
സമഗ്ര ട്രാഫിക് നയം: റോഡ് സംസ്കാരം വളർത്താൻ പുതിയ ട്രാഫിക് നയം രൂപീകരിക്കുകയും നിയമങ്ങൾ കർശനമാക്കുകയും ചെയ്യും. ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ് എന്നിവയ്ക്കായുള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കാൻ നടപടിയുണ്ടാകും.
കൂടാതെ, കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കുന്നതിനായി കാർഗോ സേവനങ്ങൾ വിപുലീകരിക്കുമെന്നും, ഓൺലൈൻ ടാക്സി മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.




