കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം… സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ….

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മർക്കസ് കേന്ദ്രം പരാതി നൽകി. കാന്തപുരം തന്നെ നേരിട്ട് പറഞ്ഞതെന്ന വ്യാജേന തെറ്റിദ്ധാരണാജനകവും വസ്തുതക്ക് നിരക്കാത്തതുമായ പോസ്റ്ററുകളും വീഡിയോകളും പ്രചരിപ്പിച്ച പത്തിലധികം വരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും അവ പങ്കുവെച്ചവർക്കും എതിരെയാണ് പരാതി നൽകിയിട്ടുള്ളത്.
ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും കുന്ദമംഗലം പൊലീസ് സ്റ്റേഷനിലുമാണ് മർക്കസ് കേന്ദ്രം ഒരേസമയം പരാതി നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴി വലിയ രീതിയിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലാണ് കാന്തപുരത്തിന്റെ പേരിൽ ഇത്തരം വ്യാജ പരാമർശങ്ങൾ പ്രചരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുറ്റക്കാർക്കെതിരെയും വ്യാജ വാർത്തകൾ ഷെയർ ചെയ്ത് പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മർക്കസ് ഭാരവാഹികൾ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിരിക്കുന്നത്.



