ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ’27 ദിവസം പൊലീസ് എന്തു ചെയ്യുകയായിരുന്നു?’ എന്ന് ഹൈക്കോടതി; പ്രതിക്ക് നോട്ടീസ്

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് പണമിടപാട് കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേസിലെ ഒൻപതാം പ്രതിയായ എസ്എഫ്ഐ നേതാവ് ഹരീഷ് കുമാർ 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്ത് അന്വേഷണമാണ് നടത്തിയതെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് ചോദിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകിയിരുന്നോ എന്നും കോടതി ആരാഞ്ഞു.
ഹരീഷ് കുമാറിന് തിരുവനന്തപുരം സെഷൻസ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.




