സമരം ചെയ്യുന്ന നഴ്‌സുമാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാം; ആശുപത്രി മാനേജ്‌മെന്റുകൾക്ക് ഹൈക്കോടതിയുടെ അനുമതി

സമരം ചെയ്യുന്ന നഴ്‌സുമാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ആശുപത്രി മാനേജ്‌മെന്റുകൾക്ക് അനുമതി നൽകി ഹൈക്കോടതി. അതേസമയം, നഴ്സുമാര്‍ പണിമുടക്കരുതെന്ന് നേരത്തെ നൽകിയ ഉത്തരവ് കോടതി പിൻവലിച്ചു. ഇരുകൂട്ടരും തമ്മിൽ നടന്ന മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതായി കണ്ടതോടെയാണ്9െ ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്.
ശമ്പള വർധനവ് ഉൾപ്പെടെ ആവശ്യപ്പെട്ടുകൊണ്ട് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ പണിമുടക്കിയിരുന്നു. തുടർന്ന് നഴ്‌സുമാർ പണിമുടക്ക് അവസാനിപ്പിക്കും എന്ന ധാരണയിൽ കോടതി മുൻപ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ചില ആശുപത്രികളിൽ ഇപ്പോഴും സമരം തുടരുന്നതായി മാനേജ്‌മെന്റുകൾ കോടതിയെ അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ നടത്തിയ മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു. തുടർന്നാണ് സമരം ചെയ്യാനുള്ള വിലക്ക് നീക്കുന്നതായും മാനേജ്മെന്റുകൾക്ക് നിയമപരമായ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ അനുമതിയുണ്ടെന്നുമുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ആശുപത്രി സേവനങ്ങളെ അവശ്യ സേവനങ്ങളായി പ്രഖ്യാപിക്കണമെന്നും സമരങ്ങളിൽ നിന്ന് സംരക്ഷണം വേണമെന്നുമുള്ള ഹർജിക്കാരുടെ ആവശ്യങ്ങൾ നിലവിൽ കോടതിയുടെ പരിഗണനയിലാണ്.



