മുഖ്യമന്ത്രി കസേരയെച്ചൊല്ലി കോൺഗ്രസിൽ സൈബർ പോര്; മുതിർന്ന നേതാക്കൾക്കെതിരെ അധിക്ഷേപം, ഗ്രൂപ്പ് പോര് തെരുവിലേക്ക്.

നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. നേതാക്കൾക്കായി അണിയറയിൽ നടന്നിരുന്ന നീക്കങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരസ്യമായ ‘സൈബർ യുദ്ധ’മായി മാറിയിരിക്കുകയാണ്. ഗ്രൂപ്പ് തിരിഞ്ഞുള്ള വാക്പോര് മുതിർന്ന നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തലത്തിലേക്ക് താഴ്ന്നതോടെ പാർട്ടി നേതൃത്വം പ്രതിരോധത്തിലായി.
തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് വിവിധ ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ പിന്തുണയ്ക്കുന്ന സൈബർ ഗ്രൂപ്പുകൾ സജീവമാണ്. ഇതിനിടെ, ‘ഇലക്ഷൻ 2026 വിഡിഎസ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചകളുടെ സ്ക്രീൻ ഷോട്ടുകൾ പുറത്തുവന്നത് പാർട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തുകൊണ്ടുവന്നു.
കെ.സി. വേണുഗോപാലിനെ പിന്തുണച്ച കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ, റോജി എം. ജോൺ എം.എൽ.എ എന്നിവർക്കെതിരെ ഗ്രൂപ്പുകളിൽ മോശം പരാമർശങ്ങൾ നടന്നതിന്റെ സ്ക്രീൻ ഷോട്ടുകളാണ് പുറത്തുവന്നത്.
നേതാക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ പോയി പ്രത്യേക രീതിയിൽ കമന്റ് ചെയ്യാനും തങ്ങൾക്കനുകൂലമായ തരംഗമുണ്ടാക്കാനും ഗ്രൂപ്പുകളിൽ ആഹ്വാനമുണ്ടായതായി സ്ക്രീൻ ഷോട്ടുകൾ സൂചിപ്പിക്കുന്നു. വ്യാജ അക്കൗണ്ടുകൾക്കെതിരെ കെപിസിസിപാർട്ടി നേതാക്കളെ ലക്ഷ്യമിട്ട് ആസൂത്രിതമായി സൈബറാക്രമണം നടക്കുന്നുണ്ടെന്ന് കാട്ടി കെപിസിസി നേതൃത്വം ഡിജിപിക്ക് പരാതി നൽകി. ഏകദേശം 90-ലധികം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.
പൊതുജനമധ്യത്തിൽ കോൺഗ്രസിന് അവമതിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ട് ഒരേ കേന്ദ്രത്തിൽ നിന്നാണ് ഈ വ്യാജ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ ഉറവിടം കണ്ടെത്തണണമെന്നാണ് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം ഐക്യത്തോടെ മുന്നോട്ട് പോകേണ്ട ഘട്ടത്തിൽ ഇത്തരം വിഭാഗീയതകൾ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഹൈക്കമാൻഡ്. എന്നാൽ, ഗ്രൂപ്പ് താല്പര്യങ്ങൾ സംരക്ഷിക്കാൻ താഴെത്തട്ടിലുള്ള പ്രവർത്തകർ ചേരിതിരിഞ്ഞ് പോരടിക്കുന്നത് നിയന്ത്രിക്കാൻ നേതൃത്വങ്ങൾക്കും സാധിക്കുന്നില്ല. വരും ദിവസങ്ങളിൽ സ്ക്രീൻ ഷോട്ട് വിവാദം കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.



