കാലടി സർവകലാശാല നിരാഹാര സമരം: ചോദ്യങ്ങൾ ചോദിച്ചതിന് വിദ്യാർഥികൾ എന്തിന് മാപ്പ് പറയണം?… പ്രകാശ് രാജ്

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി നടൻ പ്രകാശ് രാജ്. സമരപ്പന്തലിലെത്തിയ അദ്ദേഹം വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രകാശ് രാജിന്റെ സന്ദർശനം. അന്യായമായി ഏർപ്പെടുത്തിയ സസ്പെൻഷൻ പിൻവലിക്കുക, വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എസ്എഫ്ഐയുടെ സമരം.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം ഉൾപ്പെടെയുള്ള നേതാക്കളും പ്രകാശ് രാജിനൊപ്പമുണ്ടായിരുന്നു. സമരത്തിന്റെ കാരണങ്ങളും പശ്ചാത്തലവും ചിന്താ ജെറോം അദ്ദേഹത്തിന് വിശദീകരിച്ചു. സസ്പെൻഷന് മുമ്പ് 100 ശതമാനം ഹാജരുണ്ടായിരുന്ന വിദ്യാർഥികളെപ്പോലും പരീക്ഷ എഴുതാൻ അനുവദിക്കുന്നില്ലെന്നാണ് ഡിവൈഎഫ്ഐ നേതാക്കൾ വിശദീകരിച്ചത്. ചോദ്യങ്ങൾ ചോദിച്ചതിന് വിദ്യാർഥികൾ എന്തിനാണ് മാപ്പ് പറയേണ്ടതെന്ന് പ്രകാശ് രാജ് ചോദിച്ചു. വിദ്യാർഥികൾ അവരുടെ അവകാശങ്ങളാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരം ഉൾപ്പെടെയുള്ള സമൂഹത്തിലെ മുന്നേറ്റങ്ങളെല്ലാം പ്രതിഷേധങ്ങളിലൂടെയാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രകാശ് രാജ് പറഞ്ഞു. കലാകാരന്മാർ തങ്ങളുടെ കലയിലൂടെ പ്രതിഷേധം രേഖപ്പെടുത്തും.
കലയെയും വിദ്യാർഥി പ്രതിഷേധങ്ങളെയും മനസ്സിലാക്കാനുള്ള തലച്ചോറോ സംവേദനക്ഷമതയോ വൈസ് ചാൻസലർക്കില്ലെന്നും അദ്ദേഹം വിമർശിച്ചു. ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷകൾ എഴുതിക്കൊടുത്തവരാണ് രാജ്യത്തെ ഭരണാധികാരികളെന്നും പ്രകാശ് രാജ് പറഞ്ഞു. ഭഗത് സിംഗ്, ഗാന്ധിജി, അംബേദ്കർ എന്നിവരുടെ പാരമ്പര്യമുള്ള വിദ്യാർഥികൾ ആരോടും മാപ്പ് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



