20 എൽപിജി ടാങ്കറുകൾക്കിടയിലേക്ക് കാറിന്റെ മരണപ്പാച്ചിൽ…

പാരിപ്പള്ളി: പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകൾ പാർക്ക് ചെയ്തിരുന്ന പാരിപ്പള്ളി ഐഒസി ബോട്ടിലിങ് പ്ലാന്റിലെ അതീവ സുരക്ഷാ മേഖലയിലേക്ക് കാർ ഇടിച്ചുകയറി. ടാങ്കറുകളിൽ കാർ ഇടിച്ചെങ്കിലും വാതകച്ചോർച്ച ഉണ്ടാകാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. പാചകവാതകവുമായി പ്ലാന്റിലെത്തിയ 20 ബുള്ളറ്റ് ടാങ്കറുകൾ യാർഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് അതിവേഗത്തിലെത്തിയ കാർ ടാങ്കറുകൾക്കിടയിലേക്ക് പാഞ്ഞുകയറിയത്.

പ്ലാന്റിന്റെ ഗേറ്റിലും മറ്റും ഇടിച്ച കാർ പിന്നീട് ഗ്യാസ് ടാങ്കറുകളിലും ഇടിക്കുകയായിരുന്നു. അപകടസാധ്യതയേറിയ മേഖലയിൽ കാർ അതിക്രമിച്ചു കയറിയത് പ്ലാന്റിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. സുരക്ഷാ ജീവനക്കാർ ഓടിയെത്തിയെങ്കിലും കാറിന്റെ പാച്ചിൽ തടയാനായില്ല. ഒടുവിൽ കാർ നിന്നതോടെയാണ് യാത്രക്കാരെ പിടികൂടിയത്. ഇവരെ പാരിപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. പരവൂർ കലയ്ക്കോട് സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. 15 മുതൽ 18 ടൺ വരെ പാചകവാതകം സംഭരിച്ച ബുള്ളറ്റ് ടാങ്കറുകളാണ് യാർഡിലുണ്ടായിരുന്നത്. ഓരോ ടാങ്കറിലെയും വാതകം ഉപയോഗിച്ച് 342 സിലിണ്ടർ വീതമുള്ള അഞ്ച് ലോഡുകൾക്ക് വിതരണം ചെയ്യാനാകുമെന്നാണ് കണക്ക്. പ്ലാന്റിലെ സംഭരണിയിലേക്ക് വാതകം മാറ്റുന്നതിനുള്ള ഊഴം കാത്തുകിടന്ന ടാങ്കറുകളിലേക്കാണ് കാർ ഇടിച്ചുകയറിയത്.

ടാങ്കറുകളുടെ വാൽവുകൾക്ക് കേടുപാടുകൾ സംഭവിക്കാത്തതിനാൽ വാതകച്ചോർച്ച ഉണ്ടായില്ല. എന്നാൽ ടാങ്കറുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു. കാറിന് വലിയ തകരാറുണ്ടായി. വാതകച്ചോർച്ചയോ പാചകവാതകം നിറച്ച ടാങ്കറുകൾക്ക് സമീപമുണ്ടാകുന്ന ചെറിയ തീപ്പൊരിയോ പോലും വലിയ ദുരന്തത്തിന് വഴിവെക്കാവുന്ന സാഹചര്യമായിരുന്നു. അതീവ സുരക്ഷാ മേഖലയിലുണ്ടായ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് എൽപിജി എംപ്ലോയീസ് യൂണിയൻ ഐഎൻടിയുസി പ്രസിഡന്റ് മൈലക്കാട് സുനിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button