കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യഹരജി മാറ്റി…

കോഴിക്കോട്: വടകരയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്കറിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ്. ബിന്ദുകുമാരി അവധിയിലായതിനാലാണ് ഹരജി മാറ്റിവെച്ചത്. കഴിഞ്ഞ ശനിയാഴ്ച പരിഗണിച്ച കേസ് വിശദമായ വാദത്തിനായി തിങ്കളാഴ്ചത്തേക്കും പിന്നീട് ചൊവ്വാഴ്ചത്തേക്കും മാറ്റിയിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും അടുത്ത ദിവസത്തേക്ക് നീട്ടിയത്.
കേസിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വലിയ ആശങ്കയുണ്ടെന്ന് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ അഡ്വ. എം.ടി അഫ്നാസ് ചൂണ്ടിക്കാട്ടി. പ്രതിയായ ജിതിൻ ഭാസ്കറിനെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലെന്ന തരത്തിലുള്ള റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ നൽകിയിരിക്കുന്നത്. അതേസമയം, പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്ത് വിട്ടയച്ച മറ്റൊരു ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹരജിയിലുള്ള വാദം ജൂലായ് മൂന്നാം തീയതി നടക്കും. റിബേഷിന്റെ മുൻകൂർ ജാമ്യത്തെ ശക്തമായി എതിർക്കുമെന്നും, റിബേഷ് രാമകൃഷ്ണൻ കൂടെ പ്രതിയാകുന്ന സാഹചര്യത്തിലേക്കാണ് അന്വേഷണം പോകുന്നതെന്നും അഡ്വ. അഫ്നാസ് വ്യക്തമാക്കി.
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും സി.പി.എം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന ജിതിൻ ഭാസ്കർ കഴിഞ്ഞ 16-ാം തീയതി മുതൽ റിമാൻഡിലാണ്. വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്. ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ജിതിൻ, ബ്രോഡ്കാസ്റ്റ് സന്ദേശം വഴി 200 പേർക്ക് ഈ വിവാദ സന്ദേശം അയച്ചുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പോലീസ് കണ്ടെത്തിയത്. ജില്ലാ ഫോറൻസിക്ക് വിഭാഗത്തിന് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിം ആയും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ചാണ് വ്യാജ പോസ്റ്റ് നിർമ്മിച്ചത്. യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ പേരിൽ വ്യാജമായി ഉണ്ടാക്കിയ ഈ സ്ക്രീൻഷോട്ട് ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ വ്യാപകമായി പ്രചരിപ്പിച്ചുവെന്നാണ് എസ്.ഐ.ടി അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് സൂചന.



