തന്റെ പേരിൽ കെസിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റെന്ന് കെ.സി ജോസഫ്… എഐസിസിക്ക് പരാതി നൽകി

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതായി മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.സി ജോസഫ്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം എഐസിസി നേതൃത്വത്തിന് പരാതി നൽകി.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് തന്റെ പേരിൽ കെ.സി വേണുഗോപാലിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിക്കുന്നത്. തന്നെ കൂടാതെ മറ്റ് പല പ്രമുഖ കോൺഗ്രസ് നേതാക്കളുടെയും പേരിൽ സമാനമായ രീതിയിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് പാർട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. “ഇതിന്റെ പിന്നിൽ ആരാണെങ്കിലും അത് അൽപ്പത്തരമാണ്. പാർട്ടിയെ സ്നേഹിക്കുന്ന ആരെങ്കിലും ഇത്തരം പ്രവൃത്തികൾക്ക് മുതിരുമെന്ന് കരുതുന്നില്ല. നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള നീക്കമാണിത്,” – കെ.സി ജോസഫ് പറഞ്ഞു.
കേരളത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെയാണ് സോഷ്യൽ മീഡിയയിൽ നേതാക്കളുടെ പേരിൽ വ്യാജ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കെ.സി വേണുഗോപാലിനെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളെ ഗൗരവത്തോടെയാണ് ഹൈക്കമാൻഡ് കാണുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെ.സി ജോസഫ് ആവശ്യപ്പെട്ടു.



