ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് 10 ലക്ഷം കോടിയുടെ നിക്ഷേപം… പുതിയ ചരിത്രം കുറിച്ച് നരേന്ദ്ര മോദിയും സനേയ് തകായിച്ചിയും

ഇന്ത്യയുടെ വികസന ചരിത്രത്തിൽ ജപ്പാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു ഏടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ജാപ്പനീസ് പ്രധാനമന്ത്രി സനേയ് തകായിച്ചിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാപ്പനീസ് പ്രധാനമന്ത്രിയെ ‘കുഞ്ഞനിയത്തി’ എന്ന് അഭിസംബോധന ചെയ്ത മോദി, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലുള്ള വിശ്വാസത്തിൽ പടുത്തുയർത്തിയതാണെന്നും വ്യക്തമാക്കി.
ആഗോളതലത്തിൽ പല മേഖലകളും നിലവിൽ അനിശ്ചിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യ-ജപ്പാൻ ബന്ധം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിരോധ സഹകരണത്തിൽ പുതിയ തലങ്ങൾ രൂപപ്പെടുന്നതിനൊപ്പം ഇന്ത്യയിലെ പ്രകൃതിവാതക മേഖലയിലും ജപ്പാനുമായി ശക്തമായ സഹകരണമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ജപ്പാനിൽ നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള സഹകരണത്തിനാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ നിക്ഷേപം നടത്തിയിട്ടുള്ള ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനും ചർച്ചയിൽ തീരുമാനമായി.
ഫാർമസി, നിർണ്ണയ ധാതു, ഗതാഗത, ഊർജ, വ്യാപാര, ഔഷധ നിർമ്മാണം, മെഡിക്കൽ ഉപകരണങ്ങൾ, തൊഴിലവസരം തുടങ്ങി നിരവധി നിർണായക മേഖലകളിൽ ഇരുരാജ്യങ്ങളും പുതിയ കരാറുകളിൽ ഒപ്പുവെച്ചു. കൂടാതെ, അർദ്ധചാലക (Semiconductor) മേഖലയിലും ഇലക്ട്രോണിക് ചിപ്പുകളുടെ വിതരണത്തിലും തടസ്സങ്ങളില്ലാത്ത സഹകരണം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ജ്യേഷ്ഠ സഹോദരൻ’ എന്ന് വിശേഷിപ്പിച്ച ജാപ്പനീസ് പ്രധാനമന്ത്രി സനേയ് തകായിച്ചി, ഇൻഡോ പസഫിക് മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഇന്ത്യയുമായി എപ്പോഴും ചേർന്നുനിൽക്കുമെന്ന് പ്രഖ്യാപിച്ചു. രാവിലെ രാഷ്ട്രപതി ഭവനിൽ എത്തിയ ജാപ്പനീസ് പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് രാജ്യം നൽകിയത്. തുടർന്ന് ഇരു രാജ്യങ്ങളിലെയും പ്രമുഖ വ്യവസായികൾ പങ്കെടുത്ത സംയുക്ത യോഗത്തിലും സനേയ് തകായിച്ചി പങ്കെടുത്തു.
