എട്ടു വയസുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം…ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നൽകും…

തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ടു വയസുകാരൻ ദിക്ഷൽ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ ചിറയിൻകീഴ് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നൽകും. കുട്ടിയെ ചികിത്സിക്കുന്നതിൽ വീഴ്ച വന്നുവെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഡിഎംഒ റിപ്പോർട്ട് തേടിയത്. ആദ്യം എത്തിച്ച ചിറയിൻകീഴ് ആശുപത്രിയിൽ നിന്ന് മതിയായ പരിചരണം കിട്ടിയില്ലെന്ന് ദിക്ഷലിന്‍റെ രക്ഷിതാക്കളാണ് പരാതി ഉയർത്തിയത്. പാമ്പ് കടിച്ചതാണോയെന്ന് ഉറപ്പ് ഇല്ലാത്തതിനാലാണ് ആന്‍റിവെനം നൽകാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. പിറ്റേന്ന് വെളുപ്പിന് നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെ പിടികൂടിയിട്ടുണ്ട്.



