ഹോർമുസ് കടലിടുക്കിൽ ടോളുകൾ ഏർപ്പെടുത്തിയാൽ കരാർ അസാധ്യമാകും’: അമേരിക്ക

ഹോർമുസ് കടലിടുക്കിൽ ടോളുകൾ ഏർപ്പെടുത്തിയാൽ അമേരിക്ക-ഇറാൻ കരാർ അസാധ്യമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ടോൾ സംവിധാനവുമായി ഇറാൻ മുന്നോട്ട് പോകരുതെന്നും മാർക്കോ റൂബിയോ. പാക്ക് ഭരണ നേതൃത്വം ടെഹ്റാനിൽ പോകുന്നത് ശുഭ സൂചനയാണ്. പാകിസ്താന്റെ ഇടപെടൽ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകും. നല്ലൊരു കരാർ ഉണ്ടാക്കാനാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആഗ്രഹിക്കുന്നത്. കരാറിലെത്തിയില്ലെങ്കിൽ അദ്ദേഹത്തിന് മുന്നിൽ മറ്റ് വഴികളുണ്ടെന്നും കരാറിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.
ഇറാൻ – യുഎസ് സമാധാന ചർച്ചകൾക്ക് വേഗത്തിലാക്കാനുള്ള പാക്ക് നീക്കത്തിന്റെ ഭാഗമായാണ് പാക് സൈനിക മേധാവി ടെഹ്റാനിലേക്ക് പോകുന്നത്. സമാധാന കരാർ സംബന്ധിച്ച ധാരണകൾ ഇറാൻ നേതൃത്വവുമായി ഫീൽഡ് മാർഷൽ അസിം മുനീർ ചർച്ച ചെയ്യും. നേരത്തെ പാക്ക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ഒരാഴ്ചക്കിടെ രണ്ട് തവണ ടെഹ്റാനിൽ എത്തിയിരുന്നു.അമേരിക്കയുടെ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള തിരക്കിട്ട നയതന്ത്ര നീക്കം നടക്കുന്നത്.




