നമുക്കിനി ജീവിക്കേണ്ട… മകൾ വിളിച്ചിട്ടും അമ്മ കണ്ണ് തുറന്നില്ല… മാവേലിക്കരയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി…

നമുക്കിനി ജീവിക്കേണ്ട… മകൾ വിളിച്ചിട്ടും അമ്മ കണ്ണ് തുറന്നില്ല… മാവേലിക്കരയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി…
മാവേലിക്കര: യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. സംഭവത്തിൽ പൊലീസ് നടപടി വൈകിയെന്നും ആരോപണം ഉയർന്നിട്ടിണ്ട്. മുള്ളിക്കുളങ്ങര അശ്വതിയിൽ രാജേഷിന്റെ ഭാര്യ രാജലക്ഷ്മി (43) യെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നു.
രാജലക്ഷ്മിയുടെ ഭർത്താവ് രാജേഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. പതിവായി മദ്യപിച്ചെത്തുന്ന രാജേഷ് രാജലക്ഷ്മിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച രാത്രിയും പതിവുപോലെ ഇയാൾ മർദ്ദിച്ചിരുന്നു. ഇതിനെത്തുടർന്ന് നമുക്കിനി ജീവിക്കേണ്ട എന്ന് രാജലക്ഷ്മി ഇളയമകൾ ആദിത്യയോട് രാത്രി പറഞ്ഞിരുന്നു. ഇന്ന് രാവിലെ രാജലക്ഷ്മിയെ ചലനമറ്റ നിലയിൽ ആദിത്യയാണ് കിടപ്പുമുറിയിൽ കണ്ടത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം ഉയർന്നിട്ടും രാവിലെ നടന്ന സംഭവത്തിൽ വൈകിട്ടാണ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്..
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മകൾ ആദിത്യ വിളിച്ചുമർത്താൻ ശ്രമിച്ചത്. കണ്ണ് തുറക്കാതിരുന്നപ്പോൾ, ആദിത്യ കായംകുളത്തുള്ള സഹോദരി ഐശ്വര്യയെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. ചലനമറ്റ നിലയിൽ കിടക്കുകയായിരുന്ന രാജലക്ഷ്മിയെ ബന്ധുക്കൾ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. മരിച്ച നിലയിലാണ് രാജലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കണ്ടിയൂർ സ്വദേശിയായ രാജേഷ് 12 വർഷശം മുമ്പാണ് മുള്ളിക്കുളങ്ങരയിൽ താമസമാക്കിയത്. മദ്യപിച്ച് പതിവായി ബഹളം ഉണ്ടാക്കുന്ന പ്രകൃതമായിരുന്നതിനാൽ അയൽവാസികളുമായി വലിയ ബന്ധം ഉണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ രാജേഷ് രാജലക്ഷ്മിയെ ആശുപത്രിയിൽ എത്തിക്കുന്ന സമയത്തൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇയാൾ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതിനു ശേഷം മൊബൈൽ ഫോൺ എടുക്കാനായി ഓട്ടോയുമായി ഇയാൾ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് പുറത്തേക്ക് പോയ ഇയാൾ തിരികെ വീട്ടിലെത്തിയില്ല. മരണത്തിൽ സംശയം ഉയർന്നിട്ടും ഇയാൾ വീട്ടിൽ എത്തിയപ്പോൾ കസ്റ്റഡിയിൽ എടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. രാജലക്ഷ്മിയുടെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.



