സൈലൻസറും ലൈറ്റും മാറ്റിയാൽ പണിപാളും… പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രീ-ലൈസൻസ് ലേണിംഗ്… ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: വാഹനങ്ങളിൽ അമിതമായ വെളിച്ചവും ശബ്ദവും പുറപ്പെടുവിക്കുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകൾ ഒരുകാരണവശാലും അംഗീകരിക്കാൻ സാധ്യമല്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയിൽ വ്യക്തമാക്കി. നിയമസഭയിൽ സജി ചെറിയാൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ നിയമാവലി ബാധകമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
വാഹനങ്ങളുടെ കളർകോഡ്, അപകടകരമല്ലാത്ത ഫിറ്റിംഗ്സുകൾ, വാഹനത്തിന് പുറത്തേക്ക് തുറിച്ചുനിൽക്കാത്ത തരത്തിലുള്ള ഘടനകൾ എന്നിവ ഉൾപ്പെടെയുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സർക്കാർ വിശദമായി പരിശോധിച്ച് വരികയാണെന്ന് മന്ത്രി അറിയിച്ചു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വാഗ്ദാനങ്ങൾ നൽകി യുവാക്കളെ പറ്റിക്കുകയാണോ സർക്കാർ എന്ന സജി ചെറിയാൻ എം.എൽ.എയുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം. സംസ്ഥാനത്തെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ തന്നെ പ്രീ-ലൈസൻസ് ലേണിംഗ് നൽകുന്നത് പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. കെ.എസ്.ആർ.ടി.സിയുടെ നിയന്ത്രണത്തിൽ മാത്രം ഡ്രൈവിംഗ് സ്കൂളുകൾ പ്രവർത്തിച്ചതുകൊണ്ട് കാര്യമില്ല. കൂടുതൽ ആളുകളെ ഡ്രൈവിംഗിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.
വിദ്യാഭ്യാസ മന്ത്രിയുമായി ആലോചിച്ച് സ്കൂൾ പാഠ്യപദ്ധതിയിൽ തന്നെ ഡ്രൈവിംഗ് നിയമങ്ങൾ ഉൾപ്പെടുത്തും. വിദ്യാർത്ഥികൾക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ തന്നെ ലൈസൻസ് ലഭിക്കുന്ന രീതിയിലുള്ള പരിശീലന പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.എസ്.ആർ.ടി.സി പ്രിയദർശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സി.പി. ജോൺ വ്യക്തമാക്കി. സ്വകാര്യ ബസുകളെ വെറുമൊരു സ്വകാര്യ മേഖലയായിട്ടല്ല, പൊതുഗതാഗതം കൈകാര്യം ചെയ്യുന്ന നിക്ഷേപകരുടെ മേഖലയായാണ് സർക്കാർ കാണുന്നത്. ചരിത്രത്തിലാദ്യമായി ബജറ്റിൽ ബസ് നികുതി പകുതിയായി കുറച്ചു. ഇതുവഴി വർഷത്തിൽ 50,000 രൂപയുടെ ആനുകൂല്യം ബസ് ഉടമകൾക്ക് ലഭിക്കും. എല്ലായിടത്തും ഒരേപോലെയല്ല പ്രതിസന്ധി. നെയ്യാറ്റിൻകരയിലും മലപ്പുറത്തും പ്രശ്നങ്ങളില്ല. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഒരുമിച്ചോടുന്ന റൂട്ടുകളിൽ സ്ത്രീകൾ കൂടുതൽ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നതിനാൽ സ്വകാര്യ ബസുകൾക്ക് ദിവസം 1500 മുതൽ 2000 രൂപയുടെ വരെ കുറവുണ്ടായതായി പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. ഈ വിഷയം ഗൗരവമായി കണ്ട് ആവശ്യമായ തുടർനടപടികൾ ആലോചിച്ച് നടപ്പിലാക്കുമെന്നും ഗതാഗത മന്ത്രി സഭയിൽ ഉറപ്പുനൽകി.



