കോൺഗ്രസിനെ ഉപേക്ഷിച്ചവർ കോട്ട് തുന്നി വരുന്നു, രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണം’

യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്റോ ജോൺ. പത്ത് വർഷക്കാലം പല പ്രയാസങ്ങളെയും പ്രതിസന്ധികളെയും നേരിട്ടുകൊണ്ടാണ് ഈ പാർട്ടി ഇവിടെയെത്തിയിരിക്കുന്നത്. പാർട്ടിയുടെ മുന്നോട്ടുപോക്കിൽ നേതാക്കൾ മാത്രമല്ല, സാധാരണ പ്രവർത്തകർ കൂടി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ഈ സർക്കാർ സ്വീകരിക്കുന്ന രാഷ്ട്രീയ നിയനമനങ്ങളിൽ കൃത്യമായ രാഷ്ട്രീയ ബോധ്യം വേണമെന്നും ജിന്റോ പറഞ്ഞു.

കോൺഗ്രസിൽ പ്രവർത്തിച്ചവരെ അവഗണിക്കുന്നുവെന്നും ജനവിരുദ്ധമായ കാര്യങ്ങൾ ചെയ്തിട്ട് അത് ന്യായീകരിക്കേണ്ട അവസ്ഥ കോൺഗ്രസിന് വരുത്തരുതെന്നും ജിന്റോ ജോൺ പ്രതികരിച്ചു. കോൺഗ്രസിനെ ഉപേക്ഷിച്ച് പോയവർ പിന്നീട് കോട്ട് തുന്നി വരുന്നത് കാണുമ്പോൾ പ്രതികരിക്കേണ്ടി വരികയാണ്. വ്യക്തിപരമായി ഏതെങ്കിലുമൊരു വ്യക്തിയെ വിമർശിക്കുകയും വിചാരണ ചെയ്യുകയും ചെയ്യുന്ന രീതിയോട് എനിക്ക് താൽപര്യമില്ല. ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നത് പറയാതിരിക്കാനാവില്ലെന്നും ജിന്റോ ജോൺ പറഞ്ഞു.

സർക്കാർ സ്വീകരിക്കുന്ന രാഷ്ട്രീയ നിയനമനങ്ങളിൽ കൃത്യമായ രാഷ്ട്രീയ ബോധ്യം വേണം. അവിടെ സിപിഎം, സിപിഐ,സംഘ്പരിവാർ, കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പ്ലീഡർ എന്നിവർ ഉണ്ടാകാൻ പാടില്ലെന്നതാണ് തന്റെ അഭിപ്രായം. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ജനദ്രോഹനടപടികളെ ന്യായീകരിച്ചവരെ തുടരാൻ നമ്മൾ അനുവദിക്കാൻ പാടില്ലല്ലോയെന്നും ജിന്റോ പറഞ്ഞു.

Related Articles

Back to top button