‘രേണുവിനെ സ്നേഹിക്കുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്’..

ബിഗ് ബോസ് മുൻ മത്സരാർഥിയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി തനിക്ക് കാൻസർ ആണെന്ന് വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി രേണുവിന് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ രേണു സുധിയെ സ്നേഹിക്കുന്നവരോട് തനിക്ക് ഒരു അപേക്ഷയുണ്ടെന്ന് പറയുകയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. അസുഖ വിവരമറിഞ്ഞ് നേരിട്ട് ചെല്ലുന്നതിൽ പ്രശ്നമുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു ലക്ഷ്മി നക്ഷത്ര. മറിച്ച് ഫോണിലൂടെ ബന്ധപ്പെടുന്നതാവും സുരക്ഷിതമെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. ഒരു ഉദ്ഘാടന പരിപാടിക്കെത്തിയ ലക്ഷ്മി നക്ഷത്ര യുട്യൂബർമാരോട് സംസാരിക്കുകയായിരുന്നു.
“രേണുവിനെ ഇഷ്ടമുള്ളവർ ചെയ്യേണ്ട ഒരു കാര്യമുണ്ട്. എൻറെ ഭാഗത്ത് നിന്നുള്ള ഏറ്റവും വലിയ റിക്വസ്റ്റ് ആണ്. രേണുവിന് ഒരുപക്ഷേ നമ്മുടെ സാന്നിധ്യം സന്തോഷം ഉണ്ടാക്കുമായിരിക്കാം. പക്ഷേ പ്ലീസ്, നിങ്ങൾ വീഡിയോ കോൾ ചെയ്യൂ, രേണുവിനെ കാണൂ, സംസാരിക്കൂ. ഈ രോഗത്തിൻറെ സീരിയസ്നെസ് എന്ന് പറയുന്നത് ആ വീട്ടിൽ നിൽക്കുന്നവർ വഴി വരെ ഇൻഫെക്ഷൻ വന്നേക്കാം. വീട്ടിലുള്ളവർ എത്രയും ഹൈജീനിക് ആയും അത്രയും ശ്രദ്ധയോടെയുമായിരിക്കും രേണുവിനൊപ്പം നിൽക്കുന്നത്. നിങ്ങൾ വീഡിയോ കണ്ടിട്ടുണ്ടാവും. ഋതപ്പൻ വരുന്നത് വരെ മാസ്ക് ധരിച്ചുകൊണ്ടാണ്. അതുകൊണ്ട് കഴിയുന്നതും രേണുവിനോട് ഇഷ്ടമുള്ള കൂടുതൽ പേരും ഫോണിലൂടെ വിളിച്ച് രേണുവിനെ ആശ്വസിപ്പിക്കൂ. കാരണം നമ്മൾ നേരിട്ട് ചെല്ലുമ്പോൾ ഇൻഫെക്ഷൻ എത്രത്തോളം വരാം എന്നും ചിന്തിക്കണം. നമ്മൾ വളരെയധികം ഹൈജീനിക് ആയിരിക്കും. പക്ഷേ ഇത്തരത്തിലുള്ള രോഗികൾക്ക് പ്രതിരോധശേഷി വളരെ കുറവായിരിക്കും. എൻറെ ഭാഗത്തുനിന്നുള്ള ഒരു റിക്വസ്റ്റ് ആണ്”, ലക്ഷ്മി നക്ഷത്ര പറയുന്നു.
എനിക്ക് കാൻസർ ആണ്. ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരുടെ അടുത്തുനിന്ന് ഞാനത് മറച്ചുവെച്ചു. പക്ഷേ ഇപ്പോൾ അത് പറയാൻ സമയമായി എന്ന് തോന്നി. പല തെറ്റിദ്ധാരണകളും പലർക്കുമുണ്ട്. ഇത് ദുബൈയിൽ വച്ച് സ്ഥിരീകരിച്ചു എന്നാണ് പലരും കരുതുന്നത്. എന്നാൽ അങ്ങനെയല്ല. ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്. 15-ാം വയസിൽ ഞാനത് അത്ര കാര്യമാക്കിയില്ല. വീട്ടുകാരോടും പറഞ്ഞില്ല. കുറേ നാൾ കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടുകാർ ഇത് അറിഞ്ഞത്. അവർ കോട്ടയം മെഡിക്കൽ കോളെജിൽ കൊണ്ടുപോയി. 15- 16 വർഷം മുൻപത്തെ കാര്യമാണ്. അന്ന് ബയോപ്സി ചെയ്തിരുന്നു. അന്ന് ഡോക്ടർ എന്നോട് പറഞ്ഞത് ഇതിങ്ങനെ വെക്കരുത് എന്നായിരുന്നു. ഇപ്പോൾ വലിയ പ്രശ്നമില്ലെങ്കിലും ഭാവിയിൽ കാൻസർ ആയേക്കാമെന്നും ഡോക്ടർ പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് മറ്റൊരു ഓപ്പറേഷൻ കഴിഞ്ഞിട്ട് നിൽക്കുകയായിരുന്നു. അപ്പൻഡിസൈറ്റിസിന്റെ ഓപ്പറേഷൻ. അത് കുറച്ച് പെയിൻഫുൾ ആയിരുന്നു. ആ ഒരു പേടി കാരണം ഞാനിത് വീട്ടിൽ പറഞ്ഞില്ല.
സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സ്കാൻ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സ്കാനിംഗ് റിസൽട്ട് കണ്ട് സംശയം തോന്നിയപ്പോൾ മാമ്മോഗ്രാം ചെയ്യാൻ അദ്ദേഹം പറഞ്ഞു. മാമ്മോഗ്രാമിലും സംശയം തോന്നിയപ്പോഴാണ് ബയോപ്സി ചെയ്യാൻ നിർദേശിക്കുന്നത്. അതിൻറെ റിസൾട്ടും ഞാൻ ഒറ്റയ്ക്ക് ചെന്നാണ് മേടിച്ചത്. അപ്പോൾ എന്നോട് പറഞ്ഞു കാൻസർ ആണെന്ന്. ഞാൻ ഒന്നും മിണ്ടിയില്ല. ആ റിസൾട്ട് വീട്ടിൽ കൊണ്ട് രണ്ടു മൂന്ന് ദിവസം ഭദ്രമായിട്ട് വച്ച് ഒരു മനുഷ്യനോടും പറഞ്ഞില്ല. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നെ മെഡിക്കൽ കോളെജിലും പരിശോധിച്ചു. മെഡിക്കൽ കോളെജിലും കാൻസർ ആണെന്നത് സ്ഥിരീകരിച്ചു. മൂന്നാമത്തെ സ്റ്റേജ് കഴിയുന്ന ഘട്ടമായെന്നാണ് ഡോക്ടർ പറഞ്ഞത്.




