‘ഇന്ത്യൻ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ല’… തുറന്നുപറഞ്ഞ് ….

കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യൻ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ലെന്ന് സീനിയര്‍ പേസർ ഭുവനേശ്വർ കുമാർ. തന്റെ കരിയറിൽ ഏറ്റവും വലിയ നിരാശ സമ്മാനിച്ചത് 2019 ലെ ഏകദിന ലോകകപ്പ് സെമിഫൈനലിലെ തോൽവിയാണെന്നും ജതിൻ സപ്രുവിന്റെ യൂട്യൂബ് ചാറ്റ് ഷോയിൽ സംസാരിക്കവെ ഭുവി വെളിപ്പെടുത്തി.
2019 ഏകദിന ലോകകപ്പ്, 2022 ടി20 ലോകകപ്പ് സെമിഫൈനലുകളിൽ ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ഇതിൽ ന്യൂസിലൻഡിനെതിരായ 2019 ലെ തോൽവിയാണ് കൂടുതൽ വേദനിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഏകദിനത്തിലെ സാധാരണ വിജയലക്ഷ്യമായിരുന്നു 2019 ൽ ന്യൂസിലന്‍ഡിനെതിരെ ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്നത് (240 റൺസ്). ഇന്ത്യ ജയിക്കുമെന്നാണ് എല്ലാവരും കരുതിയത്. മഴ കാരണം കളി റിസർവ് ഡേയിലേക്ക് നീണ്ടതും പിച്ച് നനഞ്ഞതും കാര്യങ്ങൾ മാറ്റിയെഴുതിയിരിക്കാം. എങ്കിലും ആ തോൽവിയാണ് ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയത്. എന്നാൽ 2022 ൽ ഇംഗ്ലണ്ടിനെതിരായ ടി20 സെമി തോൽവി വ്യത്യസ്തമായിരുന്നു. ടി20 യിൽ എപ്പോൾ വേണമെങ്കിലും കളി മാറാമെന്നും ഭുവി വ്യക്തമാക്കി.



