ആശാ പ്രവർത്തകരുടെ ഓണറേറിയം 3,000 രൂപ വർധിപ്പിച്ചു ….സെക്രട്ടറിയേറ്റിന് മുന്നിൽ പായസ വിതരണവുമായി ആഹ്ലാദപ്രകടനം

തിരുവനന്തപുരം: നീണ്ട 266 ദിവസത്തെ രാപ്പകൽ സമരത്തിനൊടുവിൽ തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിന്റെ ആഹ്ലാദത്തിലാണ് സംസ്ഥാനത്തെ ആശാ പ്രവർത്തകർ. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയത്തിൽ 3,000 രൂപയുടെ വർധനവ് വരുത്തിയതിനെ തുടർന്ന് ഒരു വിഭാഗം ആശാ പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ വൻ ആഹ്ലാദപ്രകടനം നടത്തി. മധുരം പങ്കുവെക്കുന്നതിനായി ജനമധ്യത്തിൽ പായസ വിതരണവും അവർ സംഘടിപ്പിച്ചു.
ആശാ പ്രവർത്തകരുടെ ആഹ്ലാദ സംഗമ വേദിയിൽ നേരിട്ടെത്തി പ്രമുഖ നടൻ പ്രേംകുമാർ ഐക്യദാർഢ്യവും സന്തോഷവും പങ്കുവെച്ചു. ആശാ വർക്കർമാരുടേത് ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട ധീരമായ പോരാട്ടമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. “പലരും ഈ സമരത്തെ പരിഹസിച്ചപ്പോഴും തളർന്നുപോകാതെ അവർ പിടിച്ചുനിന്നു. ഈ സമരത്തിനൊപ്പം കേരള സമൂഹം മുഴുവൻ ഒന്നിച്ചു നിന്നിരുന്നു. ജനകീയമായ ഈ സമരം കണ്ടില്ലെന്ന് നടിച്ച മുൻ ഭരണാധികാരികൾക്കുള്ള കൃത്യമായ മറുപടിയാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത്.’ നടൻ പ്രേംകുമാർ പറഞ്ഞു.
നേരത്തെ ആശാ വർക്കർമാരുടെ സമരപ്പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മുൻ സർക്കാർ അടിയന്തരമായി നീക്കിയത്. അന്ന് ആശാ പ്രവർത്തകർ പ്രേംകുമാറിനെ ‘സമരത്തിന്റെ രക്തസാക്ഷി’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ തനിക്ക് അത്തരം രക്തസാക്ഷി പരിവേഷമൊന്നും ആവശ്യമില്ലെന്ന് പ്രേംകുമാർ ഇന്ന് വേദിയിൽ വ്യക്തമാക്കി. താനൊരു സാധാരണ മനുഷ്യനായാണ് അവരുടെ കൂടെ നിന്നതെന്നും, സ്ഥാനമാനങ്ങൾ തനിക്ക് ഒരു വിഷയമേയല്ലെന്നും അദ്ദേഹം പറഞ്ഞു. മാനവികതയുടെ പ്രതീകമായ യേശുക്രിസ്തുവാണ് തന്റെ സാമൂഹിക ഇടപെടലുകൾക്ക് പ്രചോദനമെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. പ്രഖ്യാപിച്ച ഈ ആനുകൂല്യങ്ങൾ പുതിയ സർക്കാർ ഉടൻ തന്നെ നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും, ആശാമാരോട് മുൻ സർക്കാർ കാണിച്ച നിഷേധാത്മക സമീപനം ഇനി ഒരു സമരത്തോടും ഒരു ഭരണാധികാരിയും കാണിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിന്റെ സമര ചരിത്രത്തിൽ തന്നെ ഏറ്റവും നീണ്ട രാപ്പകൽ സമരങ്ങളിൽ ഒന്നാണ് ആശാ പ്രവർത്തകർ നയിച്ചത്. 2025 ഫെബ്രുവരി 10-നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ രാപ്പകൽ സമരം ആരംഭിച്ചത്. പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കി ഉയർത്തുക, വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപയായി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തങ്ങളുടെ ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് അനുഭാവപൂർവ്വം പരിഗണിച്ച് തുക വർധിപ്പിച്ച പുതിയ സതീശൻ സർക്കാരിനോട് നന്ദി പറയുന്നതായി ആശാ പ്രവർത്തകർ വ്യക്തമാക്കി.



