ഭാരതപ്പുഴയിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം…. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

മലപ്പുറം: പുറത്തൂരിൽ ഭാരതപ്പുഴയിൽ വീണ് വിദ്യാർത്ഥി മുങ്ങിമരിച്ചു. പുറത്തുർ കളൂർ സ്വദേശി ഉള്ളാട്ടിൽ മുനീറിന്റെ മകൻ മുഹമ്മദ് ബിലാലാണ് (14) മരണപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ എ.വി.എസ് കടവിനരികിലായിരുന്നു നാടിനെ കൺകണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം നടന്നത്. സുഹൃത്തുക്കളുമൊത്ത് എ.വി.എസ് കടവിനരികിൽ ഫുട്ബാൾ കളിക്കുകയായിരുന്നു ബിലാൽ. കളിക്കുന്നതിനിടെ അബദ്ധത്തിൽ പന്ത് പുഴയിലേക്ക് തെറിച്ചുവീണു. പുഴയിലിറങ്ങി ഈ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിലാൽ അപകടത്തിൽപ്പെട്ടതും വെള്ളത്തിൽ മുങ്ങിത്താഴ്ന്നതും.

ബിലാൽ മുങ്ങുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന മുഹമ്മദ് അഫ്‌നാൻ (14) എന്ന കുട്ടി രക്ഷപ്പെടുത്താൻ ആഞ്ഞുശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ അഫ്നാനും വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയതോടെ കൂടെ കളിക്കാനെത്തിയ മറ്റ് കുട്ടികൾ ഇടപെട്ട് അഫ്നാനെ കരയ്ക്കടുപ്പിച്ചു. കുട്ടികൾ ഉടൻ തന്നെ ഓടിച്ചെന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി പുഴയിൽ നിന്ന് ബിലാലിനെ പുറത്തെടുത്ത് അതിവേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മരണപ്പെട്ട മുഹമ്മദ് ബിലാൽ കളൂർ നൂറുൽ ഈമാൻ മദ്‌റസയിലെയും ജി.എച്ച്.എസ്.എസ് പുറത്തൂരിലെയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. റഹീനയാണ് മാതാവ്. സഹോദരിമാർ: ഹുസ്ന, മുബീന. ബിലാലിനെ രക്ഷിക്കാൻ ശ്രമിച്ച് പരിക്കേറ്റ സുഹൃത്ത് അഫ്‌നാൻ നിലവിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button