മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ്…. യുവാവിനെ മർദ്ദിച്ച് പണവും സ്വർണ്ണവും കവർന്ന മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം: തിരൂരിൽ ആയുർവേദ മസാജ് സെന്ററിന്റെ മറവിൽ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി പണവും സ്വർണ്ണവും തട്ടിയെടുത്ത കേസിൽ മൂന്നുപേർ പിടിയിൽ. തിരൂർ ഏറ്റിരിക്കടവിലെ ‘ഔറ വെൽനസ്’ എന്ന ആയുർവേദ മസാജ് സെന്ററിലാണ് സംഭവം. തെക്കൻ കുറ്റൂർ സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിലാണ് മൂന്നുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
തിരൂര്‍ ഏറ്റിരിക്കടവ് ഔറാ വെല്‍നെസ് നടത്തിപ്പുകാരന്‍ തിരുവനന്തപുരം സ്വദേശി സൗദ് (36) ഇയാൾ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് തിരൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മസാജ് ചെയ്യാനെത്തിയ മനോജിന്റെ പക്കൽ കൂടുതൽ പണമുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ ഇയാളെ വിവസ്ത്രനാക്കി ഫോട്ടോയെടുക്കുകയും ഭീഷണിപ്പെടുത്തി മർദ്ദിക്കുകയുമായിരുന്നു. 28,500 രൂപ, ഒന്നര പവൻ സ്വർണ്ണമാല, പവർബാങ്ക്, ബൈക്ക് എന്നിവ പ്രതികൾ ബലമായി കൈക്കലാക്കി.
മനോജിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഒന്നാം പ്രതി സൗദിൽ നിന്ന് മനോജിന്റെ പൊട്ടിയ മാലയും ബൈക്കും പോലീസ് കണ്ടെടുത്തു. മസാജ് സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചുവെന്ന പരാതിയിൽ മനോജിനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരൂർ ഡിവൈഎസ്പി എ.എം സിദ്ദിഖ്, എസ്.എച്ച്.ഒ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.



