കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം…. യൂട്യൂബർക്കെതിരെ കേസ്

കൊച്ചി: കേരളത്തെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ (BNS) 353(2), 192 വകുപ്പുകൾ പ്രകാരമാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്. കേരളത്തിൽ മതസ്പർധ വളർത്തുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഇയാൾ വീഡിയോയിലൂടെ നടത്തിയതെന്നാണ് ആരോപണം.

കേരളത്തിൽ മുസ്‌ലിം ആധിപത്യമാണെന്നും ഇസ്‌ലാം മതം പ്രചരിപ്പിക്കുന്നതിനായി അറബ് രാജ്യങ്ങൾ കേരള സർക്കാരിന് പണം നൽകുന്നുണ്ടെന്നും ഉൾപ്പെടെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വീഡിയോയിൽ ഉന്നയിച്ചതായാണ് പരാതി. ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ കാശി ആർട്ട് കഫേയിൽ ബീഫ് വിഭവങ്ങൾക്കൊപ്പം ഒരു ചിത്രം പ്രദർശിപ്പിച്ചതിനെയും ലക്ഷ്യമിട്ട് ഇയാൾ വർഗീയ പരാമർശങ്ങൾ നടത്തിയതായും ആരോപണമുണ്ട്. കേരളത്തെയും ഫോർട്ട് കൊച്ചിയെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related Articles

Back to top button