കൊടും ചൂടിന് വിട… കൊച്ചിയിൽ ആർത്തലച്ച് വേനൽമഴ എത്തി…

കൊടും ചൂടിൽ വെന്തുരുകിയ കൊച്ചിക്ക് ആശ്വാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴയെത്തി. ശക്തമായ കാറ്റിമൊപ്പമെത്തിയ മഴയിൽ ആലുവയിലടക്കം ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി. ശക്തമായ കാറ്റിൽ മരങ്ങൾ വീണതിനെത്തുടർന്ന് ചില പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ആലുവ കരുമാലൂരിൽ ഒരു വീടിന്റെ മേൽക്കൂര പറന്നുപോയി. ദിനനാഥന്റെ വീടിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്നുപോയത്. ആർക്കും പരിക്കില്ല. ഒരു മണിക്കൂറിലധികം സമയം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തകർത്ത് പെയ്തു. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത മഴ ചൂടിന് വലിയ ശമനമാണ് നൽകിയത്. അതിനിടെ സംസ്ഥാനത്ത് 22 -ാം തിയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



