വനിതകൾക്കുള്ള സൗജന്യ യാത്ര, പക്ഷെ വനിതാ മേയർക്ക് ക്ഷണമില്ല… പ്രിയദർശിനി ഉദ്ഘാടനത്തിൽ കണ്ണൂരിൽ വൻ വിവാദം

കണ്ണൂർ: യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ കെഎസ്ആർടിസി ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങുകൾക്കിടെ പലയിടങ്ങളിലും കടുത്ത രാഷ്ട്രീയ തർക്കങ്ങളും വിവാദങ്ങളും പുകയുന്നു. കണ്ണൂരിൽ നടന്ന ജില്ലാതല ഉദ്ഘാടന ചടങ്ങിലേക്ക് കോർപ്പറേഷൻ മേയർ പി. ഇന്ദിരയ്ക്കും ഡെപ്യൂട്ടി മേയർ പി. കെ. രാഗേഷിനും ഔദ്യോഗികമായി ക്ഷണം ലഭിച്ചില്ലെന്നാണ് ഉയർന്നിരിക്കുന്ന പ്രധാന പരാതി. സംഭവത്തിൽ മേയർ പി. ഇന്ദിര കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
അഡ്വ. ടി. ഒ. മോഹനൻ ആയിരുന്നു കണ്ണൂർ ജില്ലാതലത്തിൽ പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. സാധാരണക്കാരായ സ്ത്രീകൾക്കായി നടപ്പാക്കുന്ന വലിയൊരു പദ്ധതിയായിട്ടും, നഗരത്തിന്റെ പ്രഥമ പൗരയും വനിതയുമായ തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതിൽ മേയർക്ക് കടുത്ത വിയോജിപ്പുണ്ടെന്നാണ് കോർപ്പറേഷൻ വൃത്തങ്ങളിൽ നിന്നുള്ള വിവരം. എന്നാൽ ഈ വിഷയത്തിൽ നിലവിൽ പരസ്യമായ ഒരു പ്രതികരണത്തിന് മേയർ പി. ഇന്ദിര തയ്യാറായിട്ടില്ല. അതേസമയം കോർപ്പറേഷനിലെ ചില കൗൺസിലർമാർ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
അതിനിടെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലത്തിൽ പ്രിയദർശിനി പദ്ധതിയുടെ ഫ്ലാഗ് ഓഫ് ചടങ്ങുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിൽ പരസ്യമായ തർക്കം തെരുവിലേക്ക് നീണ്ടു. മണ്ഡലത്തിൽ പദ്ധതിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് നിർവ്വഹിച്ച ചടങ്ങിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. തുടർന്ന ഭരണകക്ഷിയിലെ തന്നെ പോരിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമാന്തരമായി ബസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് നടത്തി പ്രതിഷേധിച്ചു. മുസ്ലിം ലീഗ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്ത ഔദ്യോഗിക പരിപാടിയിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ ചിത്രം പോലുമില്ലാത്ത ഫ്ലെക്സ് ബോർഡുകളാണ് വെച്ചിരുന്നതെന്നും, ഇത് മുഖ്യമന്ത്രിയെ മനപ്പൂർവ്വം അവഹേളിക്കുന്ന രീതിയാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
ഭരണത്തലവന് നേരെ ഇത്തരം അവഹേളനങ്ങൾ ഉണ്ടായാൽ അത് തിരുത്തി മുന്നോട്ട് പോകാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. ഇത്തരം വീഴ്ചകൾ വരും ദിവസങ്ങളിൽ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ മുൻകരുതലിന്റെ ഭാഗമായാണ് തങ്ങൾ സമാന്തരമായി ഫ്ലാഗ് ഓഫ് നടത്തി പ്രതിഷേധിച്ചതെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.



