തമിഴ്‌നാട്ടിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി… ബിഹാർ സ്വദേശി പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരിയായ പിഞ്ചുകുഞ്ഞിനെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. ചെന്നൈ ഗുമ്മിഡിപൂണ്ടിയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. പീഡനത്തിന് ശേഷം പെൺകുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ ബിപിൻ മഞ്ചി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുമ്മിഡിപൂണ്ടി സിപ്‌കോട്ട് (SIPCOT) വ്യാവസായിക മേഖലയിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്. ഇവരുടെ താമസസ്ഥലത്തിന് സമീപം തന്നെ താമസിക്കുന്ന ആളാണ് ഈ ക്രൂരത ചെയ്ത പ്രതിയെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കുട്ടിയെ കളിസ്ഥലത്തുനിന്നും പെട്ടെന്ന് കാണാതാകുന്നത്. കുഞ്ഞിനെ കാണാതെ പരിഭ്രാന്തരായ രക്ഷിതാക്കളും നാട്ടുകാരും പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തുന്നതിനിടയിലാണ് അയൽവാസിയായ സ്ത്രീ നിർണ്ണായക വിവരം നൽകുന്നത്. കാണാതാകുന്നതിന് തൊട്ടുമുൻപ് പ്രതിയായ ബിപിൻ മഞ്ചിക്കൊപ്പം കുട്ടി അയാളുടെ വീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടു എന്നായിരുന്നു സ്ത്രീ വെളിപ്പെടുത്തിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീടിന് സമീപമുള്ള പ്രദേശങ്ങളിൽ തിരച്ചിൽ ശക്തമാക്കിയതോടെയാണ് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ കടുത്ത പരിക്കുകളുണ്ടായിരുന്നു.

രക്തം വാർന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവമറിഞ്ഞ് പ്രകോപിതരായ നാട്ടുകാർ ഒളിക്കാൻ ശ്രമിച്ച പ്രതി ബിപിൻ മഞ്ചിയെ തടഞ്ഞുവെച്ച് കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പുകളും കൊലപാതകക്കുറ്റവും ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും തമിഴ്‌നാട് പോലീസ് അറിയിച്ചു.

Related Articles

Back to top button