ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണ ഉരുപ്പടി മോഷ്ടിച്ചു, പിടിക്കപ്പെടുമെന്നായപ്പോൾ ഒത്തുതീർപ്പിനും ശ്രമം; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ടിടി വിനോദൻ അറസ്റ്റിൽ. സംഭവത്തിൽ നിയമനടപടി വൈകുന്നതിനെതിരേ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിന് പിന്നാലെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലബാർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ എട്ട് മാസം മുൻപ് നടത്തിയ ഓഡിറ്റിങ്ങിലാണ് 20 പവനിലേറെ തൂക്കം വരുന്ന സ്വർണ ഉരുപ്പടികൾ കാണാനില്ലെന്ന് വ്യക്തമായത്. സംഭവത്തിൽ മുൻ എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ടിടി വിനോദൻറെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.



