പനിച്ചൂടിൽ കേരളം; 13 ദിവസത്തിനിടെ 41 മരണം, ചികിത്സ തേടി പതിനായിരങ്ങൾ

പകർച്ചവ്യാധി ഭീതിയിൽ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവൻ നഷ്ടമായത് നാൽപത്തിയൊന്ന് പേർക്ക്. ഇൻഫ്ലുവൻസ ബാധിച്ച് ഒൻപത് പേർക്കും എലിപ്പനി ബാധിച്ച് എട്ടു പേർക്കും ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേർക്കുമാണ് ജീവൻ നഷ്ടമായത്.

അഞ്ചു ദിവസം കൊണ്ട് പതിനായിരത്തിലധികംപേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിനോടകം നൂറ്റി മുപ്പത്തിയഞ്ച് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചുവെങ്കിലും അതിൽ അൻപത്തിയൊമ്പത് പേരാണ് ഈ മാസം മാത്രം ചികിത്സ തേടിയത്. തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചതോടെ മുൻകരുതൽ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

ഷിഗെല്ല രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ കൂടുതൽ ജാഗ്രത തുടരുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗ ലക്ഷണങ്ങൾ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button