മുൻ പൊലീസ് ഡ്രൈവർ എംഡിഎംഎയുമായി പിടിയിൽ… വീട്ടിൽ…

കൊല്ലം: പൊലീസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഡ്രൈവർ എംഡിഎംഎയും കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കറിനെയാണ് കൊല്ലം എക്സൈസ് സ്ക്വാഡ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.186 ഗ്രാം എംഡിഎംഎയും 21 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പൊലീസ് സേനയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബക്കർ, 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ജോലി നഷ്ടമായ ശേഷവും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച് ഇയാൾ ലഹരിവ്യാപാരം നടത്തിയിരുന്നതായാണ് എക്സൈസിന് ലഭിച്ച വിവരം. അടുത്തകാലത്തായി സ്വന്തം നാട്ടിൽ കേന്ദ്രീകരിച്ച് ലഹരിവ്യാപാരം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ബക്കർ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയത്.

കൊല്ലം എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ സാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പരിശോധനകൾക്ക് കരുനാഗപ്പള്ളി സി.ഐ. ഷാജി നേതൃത്വം നൽകി. പ്രിവന്റീവ് ഓഫീസർമാരായ ജ്യോതി, സജീവ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഗംഗ ബി., സുനിൽ ജോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, അനന്തു എസ്., ജയകുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button