ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ….

ദേശീയ ടീം ക്യാമ്പിൽനിന്ന് അനുവാദമില്ലാതെ ഇറങ്ങിപ്പോയ സംഭവത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ നടപടിയുമായി പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ. ഫെഡറേഷന്റെ അച്ചടക്കച്ചട്ടപ്രകാരം റൊണാൾഡോയെ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വിലക്കിന്റെ കാലാവധിയും അന്തിമ തീരുമാനവും സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

പരിശീലകൻ യോർഗെ ജെസ്യൂസുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് റൊണാൾഡോ ദേശീയ ടീം ക്യാമ്പ് വിട്ടത്. നോർവേക്കെതിരായ മത്സരത്തിൽ വാം അപ്പ് ചെയ്തിട്ടും താരത്തെ കളത്തിലിറക്കിയിരുന്നില്ല. പിന്നാലെ ഡെൻമാർക്കിനെതിരായ മത്സരത്തിൽ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് പരിശീലകൻ അറിയിച്ചതും താരത്തെ പ്രകോപിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. അനുവാദമില്ലാതെ ദേശീയ ടീം ക്യാമ്പ് വിടുന്നത് ഫെഡറേഷന്റെ ചട്ടപ്രകാരം അച്ചടക്കലംഘനമാണ്. നിയമാവലി പ്രകാരം ഒന്നു മുതൽ ആറു മാസം വരെ വിലക്കും 500 മുതൽ 1,000 യൂറോ വരെ പിഴയും ലഭിക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ റൊണാൾഡോയ്‌ക്കെതിരെ എത്രത്തോളം നടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഒരു മാസത്തിലധികം വിലക്ക് ലഭിച്ചാൽ നവംബറിൽ നടക്കാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കും. അതേസമയം, സഹതാരങ്ങളോട് മാപ്പ് പറഞ്ഞതും ദേശീയ ടീമിനായി തുടർന്നും കളിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയതും വിലക്കിന്റെ കാലാവധിയെ സ്വാധീനിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. താൻ ടീമിന്റെ ക്യാപ്റ്റനാണെന്നും നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്ന് അറിയാമെന്നും റൊണാൾഡോ നേരത്തേ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഫെഡറേഷൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട താരം, ദേശീയ ടീമിനായി തുടർന്നും കളിക്കുമെന്നും അറിയിച്ചു. അതേസമയം, പരിശീലകൻ യോർഗെ ജെസ്യൂസ് റൊണാൾഡോയുടെ തിരിച്ചുവരവിനുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണ്.

Back to top button