അന്വേഷണങ്ങളും ചർച്ചകളും പൂർത്തിയായി, മാസങ്ങളായി വിഴിഞ്ഞത്ത് കസ്റ്റഡിയിലായിരുന്ന വിദേശ കപ്പൽ എം.ടി സോളിസ് തീരം വിട്ടു

കന്യാകുമാരിക്കടുത്ത് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് മാസങ്ങളായി വിഴിഞ്ഞത്ത് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വിദേശ കപ്പൽ എം.ടി സോളിസ് ഒടുവിൽ യാത്ര തിരിച്ചു. വിവിധ നിയമനടപടികൾക്കും ചർച്ചകൾക്കും ശേഷമാണ് കപ്പലിന് യാത്രാനുമതി ലഭിച്ചത്.
അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും കപ്പലുടമകളുമായുള്ള ചർച്ചകളും പൂർത്തിയായതിനെ തുടർന്നാണ് കൊച്ചി മെർക്കന്റൈൽ മറൈൻ വകുപ്പ് യാത്രാനുമതി നൽകിയത്. യാത്രയ്ക്ക് മുന്നോടിയായി ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളും കപ്പലിൽ ശേഖരിച്ചിരുന്നു. ക്യാപ്റ്റൻ ലെ വാൻ ട്യുവാന്റെ നേതൃത്വത്തിൽ വിയറ്റ്നാം സ്വദേശികളായ 20 ക്രൂ അംഗങ്ങളാണ് കപ്പലിലുള്ളത്.
മാർച്ച് 7ന് കന്യാകുമാരിക്കടുത്തുള്ള കടലിലാണ് അപകടം നടന്നത്. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന മത്സ്യബന്ധന ബോട്ടിൽ എം.ടി സോളിസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബോട്ട് മുങ്ങുകയും ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കൊൽക്കത്ത സ്വദേശികളായ ലഖാൻ ദാസ് (45), മകൻ ബാദൽ (23) എന്നിവർ കടലിൽ കാണാതാകുകയും ചെയ്തു. തമിഴ്നാട്, കൊൽക്കത്ത സ്വദേശികളായ ഒമ്പത് പേർക്ക് പരിക്കേറ്റെങ്കിലും രക്ഷപ്പെടുകയായിരുന്നു.
അപകടത്തിന് പിന്നാലെ കോസ്റ്റ് ഗാർഡ് പുറംകടലിൽ വെച്ച് കപ്പൽ തടഞ്ഞുനിർത്തി. തുടർന്ന് ഡി.ജി. ഷിപ്പിങ്ങിന്റെ നിർദേശപ്രകാരം കപ്പൽ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലേക്ക് എത്തിച്ചു. പിന്നീട് കൊച്ചിയിൽ നിന്നെത്തിയ ചീഫ് സർവേയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കപ്പലിൽ പ്രാഥമിക പരിശോധനയും സർവേയും നടത്തി.
കൊച്ചി മെർക്കന്റൈൽ മറൈൻ വകുപ്പിന്റെ ഉത്തരവിനെ തുടർന്ന് മാസങ്ങളായി വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന കപ്പൽ ഒടുവിൽ തുറമുഖം വിടാൻ അനുമതി ലഭിച്ചതോടെയാണ് യാത്ര തിരിച്ചത്. കപ്പൽ വിഴിഞ്ഞത്ത് തങ്ങിയിരുന്ന കാലയളവിൽ വാടക ഇനത്തിൽ മാത്രം ഏകദേശം 30 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചതായി കേരള മാരിടൈം ബോർഡ് അറിയിച്ചു.



