സിഎംആർഎൽ–എക്സാലോജിക് കേസിൽ സുപ്രീംകോടതി ഇടപെടലിന് പിന്നാലെ ഇ.ഡി. നീക്കത്തിലും…

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനെതിരായ തുടർനടപടികളിൽ തിടുക്കം വേണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ വെള്ളിയാഴ്ച ഹാജരാകാൻ സമൻസ് നൽകിയിട്ടുണ്ടെങ്കിലും തുടർനടപടികൾ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇ.ഡി. സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് അഭിഭാഷകരുമായി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യും.
ഇ.ഡി. നടപടികൾ ചോദ്യം ചെയ്ത് പിണറായി വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് തുടർനീക്കങ്ങൾ ആലോചിച്ച് മതിയെന്ന നിലപാടിലേക്ക് അന്വേഷണസംഘം എത്തിയത്. അതേസമയം, നേരത്തേ നൽകിയ സമൻസ് നിലനിൽക്കുമെന്ന് ഇ.ഡി. വ്യക്തമാക്കിയിട്ടുണ്ട്. പിണറായി വിജയൻ ഹാജരായില്ലെങ്കിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിയമോപദേശം തേടും. വിജിലൻസ് കേസിൽ സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായെങ്കിലും അത് ഇ.ഡി.യുടെ അന്വേഷണത്തിന് നേരിട്ടുള്ള തടസ്സമല്ലെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. എന്നാൽ വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ തൽക്കാലം തുടർനടപടികൾക്ക് വേഗം കൂട്ടേണ്ടതില്ലെന്നാണ് സൂചന. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം കൂടി പരിഗണിച്ചായിരിക്കും ഇ.ഡിയുടെ അടുത്ത നീക്കം. അതിനാൽ പിണറായി വിജയന്റെ ഹാജരാകലും കേസിലെ തുടർനടപടികളും വരും ദിവസങ്ങളിൽ നിർണായകമാകും.




