അമ്പലപ്പുഴ പടിഞ്ഞാറ് കടലിൽ മുങ്ങിയ ‘മെസ്സി’യെ കരയ്ക്കടിപ്പിച്ചു

അമ്പലപ്പുഴ: അമ്പലപ്പുഴ പടിഞ്ഞാറ് കടലിൽ മൽസ്യബന്ധന വള്ളം മുങ്ങിയുണ്ടായ അപകടത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷിച്ചു. കടലിൽ 42 മീറ്റർ ആഴം വരുന്ന ഭാഗത്ത് വെച്ച് ആണ് വള്ളം മുങ്ങിയത്. എട്ട് മൽസ്യത്തൊഴിലാളികളായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. ഇവരെയെല്ലാം ഫിഷറീസ് ലൈഫ് ഗാർഡുമാർ രക്ഷിച്ചു. തിരുവനന്തപുരം പൊഴിയൂർ സ്വദേശി വിൻസെൻറിൻറെ ഉടമസ്ഥതയിലുള്ള ‘മെസ്സി’ എന്ന വള്ളമാണ് കടലിൽ മുങ്ങിയത്.

വള്ളത്തിൻ്റെ ഒരു ഭാഗം പൊട്ടി വെള്ളം കയറിത്തുടങ്ങിയെന്ന വിവരം കിട്ടിയപാടെ തോട്ടപ്പള്ളി ഫിഷറീസ് വകുപ്പിൻ്റെ റസ്ക്യൂ ബോട്ട് കായംകുളം ഹാർബറിൽ നിന്ന് പുറപ്പെട്ടു. ഇതിനിടെ അപകടത്തിൽപ്പെട്ട വള്ളം ഒഴുകി വണ്ടാനം പടിഞ്ഞാറെ ഭാഗത്തു കടലിൽ മുങ്ങികൊണ്ടിരിക്കുന്നത് കണ്ടതിനെ തുടർന്ന് ഫിഷറീസ് ബോട്ട് ഈ വള്ളത്തിലെ 8 മത്സ്യത്തൊഴിലാളികളെ റെസ്ക്യൂ ബോട്ടിൽ കയറ്റി. വള്ളം കെട്ടി വലിച്ചു തോട്ടപ്പള്ളി ഹാർബറിൽ എത്തിക്കുകയും ചെയ്തു.

ഫിഷറീസ് ലൈഫ് ഗാർഡുമാരായ ജയൻ, രാഹുൽ, ജോസഫ്, റെസ്ക്യൂ ബോട്ടിലെ സ്രാങ്ക്, ഡ്രൈവർ എന്നിവരായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. ഫിഷറീസ് എഡിഎഫ് എസ് മനോജ്‌, എ എഫ് ഇ ഒ എസ് സാജൻ, മറൈൻ എൻഫോസ്‌മെൻറ് എസ് ഐ അരുൺ, ഗാർഡുമാരായ രാഹുൽ കൃഷ്ണൻ, അരുൺ തുടങ്ങിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾ ലൈഫ് ജാക്കറ്റ് നിർബന്ധമായും വള്ളത്തിൽ കരുതിയിരിക്കണമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ നിർദേശിച്ചിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്ത ബോട്ടുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button