ബിജെപിയിൽ ചേരിപ്പോര് തുടരുന്നതിനിടെ പൊലീസിൽ പരാതി നൽകി എംഎസ് അഞ്ജന

തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണം വ്യാജമെന്നും സൈബർ ആക്രമണത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടി എംഎസ് അഞ്ജന സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പാർട്ടി നടപടിയെ കുറിച്ചും ഫണ്ട് തിരിമറിയെ കുറിച്ചും മാധ്യമങ്ങളോട് പ്രതികരിക്കാൻ അഞ്ജന തയ്യാറായില്ല. ലക്ഷങ്ങൾ വകമാറ്റിയെന്ന ആരോപണത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാന ബിജെപിയിൽ ചേരിപ്പോര് തുടരുന്നതിനിടെയാണ് പരാതി.

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഓഫീസിന്റെ പ്രമുഖ് ചുമതലയിലുള്ള സംസ്ഥാന സെക്രട്ടറി ആയിരുന്നു അഞ്ജന. തെരഞ്ഞെടുപ്പ് മാനേജ്മെൻറ് കമ്മിറ്റി കൺവീനർ എസ് സുരേഷ് കഴിഞ്ഞാൽ അടുത്ത സ്ഥാനം. സംസ്ഥാന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കലും ഫണ്ട് വിതരണവും ഒക്കെ ആയിരുന്നു ചുമതല. നേതൃത്വം നൽകിയത് കൂടാതെ പുറത്തുനിന്ന കൊടി വാങ്ങിയതിൽ 31 ലക്ഷം രൂപ അഞ്ജന കമ്മീഷൻ കൈപ്പറ്റിയെന്ന് ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ ആരോപണങ്ങളെല്ലാം അഞ്ജന നിഷേധിച്ചു. വാർത്തകൾ വ്യാജമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി. ഫണ്ട്ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബിജെപി ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയെന്ന വാർത്തയോടും പ്രതികരിക്കാൻ അഞ്ജന തയാറായില്ല.

‌വിദേശത്തുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടുത്തയാഴ്ച തിരുവനന്തപുരത്തെത്തും. പിന്നാലെ കോർ കമ്മിറ്റി യോഗവും ചേരും. കോർ കമ്മിറ്റിയിൽ വരുന്ന വിമർശനങ്ങളെ പ്രതിരോധിക്കുക കൂടി ലക്ഷ്യമിട്ടാണ് അഞ്ജനയെക്കൊണ്ട് പൊലീസിൽ പരാതി നൽകിയത്.

Related Articles

Back to top button