മലപ്പുറം മൈലാടിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിൽ തീപിടുത്തം…..

മലപ്പുറം: മലപ്പുറം മൈലാടി വെള്ളൂർ റോഡിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിൽ തീപിടുത്തം. യൂണിറ്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സമീപത്തെ ഇലക്ട്രിക് ലൈനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തെങ്ങിന്റെ ഓലയ്ക്ക് തീപിടിക്കുകയും അത് താഴെ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് പടരുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് ആയതിനാൽ തീ വേഗത്തിൽ പടർന്നത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.

വിവരമറിഞ്ഞ ഉടൻ തന്നെ മലപ്പുറത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാണെന്നും രണ്ട് യൂണിറ്റുകൾ ഉപയോഗിച്ച് തന്നെ തീ പൂർണ്ണമായും അണയ്ക്കാൻ സാധിക്കുമെന്നും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. സമയോചിതമായ ഇടപെടൽ മൂലം തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാൻ സാധിച്ചു. സംഭവത്തിൽ മറ്റ് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Articles

Back to top button