വടശ്ശേരിക്ക വില്ലേജ് ഓഫീസിന് സമീപം വീണ്ടും കാട്ടാനക്കൂട്ടം

വടശ്ശേരിക്കര നിവാസികൾ കാട്ടാനപ്പേടിയിൽ വിറങ്ങലിക്കുന്നു. വില്ലേജ് ഓഫീസിനോട് ചേർന്നുള്ള കടവിൽ ഇന്നുരാവിലെ ഏഴോളം കാട്ടാനകളാണെത്തിയത്. വിളകൾ നശിപ്പിച്ചതിനുശേഷം ആനകൾ നദിയിലൂടെ മറുകരയിലേക്ക് കയറുകയും ചെയ്തു. വടശ്ശേരിക്കര ടൗണിൽ നിന്ന് വെറും 150 മീറ്റർ മാത്രം അകലെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഭയം കാരണം ഉറക്കം നഷ്ടപ്പെട്ടാണ് നാട്ടുകാർ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും എന്തുചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ്. ഒന്നര കിലോമീറ്റർ അകലെയുള്ള ഒളികല്ലിലായിരുന്നു ആദ്യം കാട്ടാനകൾ എത്തിയിരുന്നത്.
അവിടെയുണ്ടായിരുന്ന പച്ചപ്പുകളെല്ലാം നശിപ്പിച്ചതിനുശേഷമാണ് ആനകൾ തീറ്റ തേടി വടശ്ശേരിക്കര ടൗണിന് സമീപത്തേക്ക് ദിവസവും എത്തുന്നത്. ആനകൾ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കരുതെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ആനകളുടെ ശല്യം ഒഴിവാക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആനകളെ മയക്കുവെടിവെച്ച് പിടികൂടി നാടുകടത്തണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകി ഭീതിയകറ്റുവാൻ അധികൃതർ ഉടൻ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



