സംസ്ഥാനത്ത് 36 വർഷത്തിന് ശേഷം അധികാരം തിരികെ പിടിച്ച് ഇടതുപാർട്ടി

ജർമ്മനിയിലെ പ്രാദേശിക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് കനത്ത തിരിച്ചടി. തലസ്ഥാനമായ ബെർലിനിൽ തീവ്രഇടതുപക്ഷ പാർട്ടിയായ ‘ഡി ലിങ്കെ’ (Die Linke) ഒന്നാമതെത്തി. വടക്കുകിഴക്കൻ സംസ്ഥാനമായ മെക്ലെൻബർഗ്-വെസ്റ്റേൺ പോമറേനിയയിൽ തീവ്രവലതുപക്ഷ പാർട്ടിയായ ‘ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി’ വിജയിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ രാജിക്കായുള്ള സമ്മർദ്ദം ശക്തമായിട്ടുണ്ട്.
ബെർലിനിൽ 25.7 ശതമാനം വോട്ടുകൾ നേടിയാണ് ഡി ലിങ്കെ ഒന്നാം സ്ഥാനത്തെത്തിയത്. ചാൻസലർ മെർസിന്റെ പാർട്ടിയായ സി.ഡി.യു 18.8 ശതമാനം വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 1990-ൽ ജർമ്മനിയുടെ പുനരേകീകരണത്തിന് ശേഷം ഇതാദ്യമായാണ് തലസ്ഥാന നഗരത്തിൽ ഡി ലിങ്കെ ഒന്നാമതെത്തുന്നത്. മേയർ സ്ഥാനം ഉറപ്പിക്കാൻ ഇവർക്ക് മറ്റ് പാർട്ടികളുടെ പിന്തുണ കൂടി ആവശ്യമാണ്. ബെർലിനിൽ എ.എഫ്.ഡി (16.3%), ഗ്രീൻസ് (14.3%), എസ്.പി.ഡി (12.1%) എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ വോട്ട് വിഹിതം. കുടിയേറ്റ വിരുദ്ധ നിലപാടുകൾ ഉയർത്തുന്ന എ.എഫ്.ഡിക്ക് മറുപടിയായി “തങ്ങളുടെ നഗരത്തിൽ വെറുപ്പിന്മേൽ സ്നേഹവും നീതിയും വിജയം കണ്ടു” എന്ന് വിജയാഹ്ലാദത്തിൽ ഡി ലിങ്കെയുടെ സ്ഥാനാർത്ഥിയായ എലിഫ് എറാൾപ്പ് പ്രതികരിച്ചു.
അതേസമയം, മെക്ലെൻബർഗ്-വെസ്റ്റേൺ പോമറേനിയ സംസ്ഥാനത്ത് 38.2 ശതമാനം വോട്ട് നേടിയാണ് തീവ്രവലതുപക്ഷ പാർട്ടിയായ എ.എഫ്.ഡി വിജയം കൊയ്തത്. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ എ.എഫ്.ഡി നേടുന്ന രണ്ടാമത്തെ സംസ്ഥാന ഭരണവിജയമാണിത്. ഇവിടെ ഭരിച്ചിരുന്ന എസ്.പി.ഡി 35.5 ശതമാനം വോട്ടോടെ രണ്ടാമതായപ്പോൾ, ചാൻസലർ മെർസിന്റെ പാർട്ടി കേവലം 4.9 ശതമാനം വോട്ട് മാത്രം നേടി ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. സഭയിൽ പ്രവേശിക്കാൻ ആവശ്യമായ 5 ശതമാനം വോട്ട് തികയ്ക്കാൻ പോലുമാകാതെ സി.ഡി.യു പുറത്തായി.



